കാറിനുപിന്നില്‍ ദുബായ് ഷെയ്ഖിന്റെ പടം; ഒസാമ ബിന്‍ ലാദന്റേതെന്നു തെറ്റിദ്ധരിച്ചു പൊലീസ് പിടികൂടി
ചേലക്കര: കാറിന്റെ പിന്നില്‍ പതിച്ച രേഖാചിത്രം അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റേതെന്നു തെറ്റിദ്ധരിച്ചു പൊലീസ് പിടികൂടി.യഥാര്‍ത്ഥത്തില്‍ ചിത്രം അന്തരിച്ച ദുബായ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെതായിരുന്നു.
മേഖലയിലെ പ്രവാസി കുടുംബത്തിലെ യുവാക്കളാണു കാറിന്റെ പിന്‍ ഗ്ലാസിലും നമ്പര്‍ പ്ലേറ്റിനു മുകളില്‍ ഡിക്കിയിലും ഷെയ്ഖിന്റെ പടം പതിച്ചത്. ഇവരുടെ മുതിര്‍ന്ന ബന്ധുക്കളിലൊരാള്‍ ഷെയ്ഖിന്റെ ജോലിക്കാരനായിരുന്നു.
ഇയാള്‍ അയച്ചു കൊടുത്ത പടം ഇവിടെ പ്രിന്റ് ചെയ്തു കാറില്‍ പതിക്കുകയായിരുന്നു. വര്‍ഷത്തോളമായി കാറില്‍ ചിത്രമുണ്ടെങ്കിലും അടുത്തിടെയാണു ചിത്രം ചിലരുടെ ശ്രദ്ധയില്‍ പെട്ടത്.
ചിത്രം ബിന്‍ ലാദന്റേതെന്നു തെറ്റിദ്ധരിച്ച ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ കാറുമായി സ്റ്റേഷനിലെത്താന്‍ പൊലീസ് നിര്‍ദേശിച്ചു. ഗൂഗിളില്‍ ഷെയ്ഖിന്റെ പടം തിരഞ്ഞു പിടിച്ച യുവാക്കള്‍ കാറിലെ പടം ബിന്‍ ലാദന്റേതല്ലെന്നു പൊലീസിനെ ബോധ്യപ്പെടുത്തി. എന്നാല്‍ ഇനിയും ഇത്തരം സംശയങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ യുവാക്കള്‍ ചിത്രം നീക്കം ചെയ്തു.
(ചിത്രം, കടപ്പാട്: മനോരമ ന്യൂസ്)