കൊവിഡ് രോഗികള്‍ക്ക് ശ്വാസമെടുക്കാന്‍ അറിയില്ല, എന്നിട്ടാണ് ഓക്‌സിജന്‍ ക്ഷാമമെന്ന് പറയുന്നതെന്ന് രാംദേവ്; പൊലീസില്‍ പരാതി നല്‍കി ഐ.എം.എ
national news
കൊവിഡ് രോഗികള്‍ക്ക് ശ്വാസമെടുക്കാന്‍ അറിയില്ല, എന്നിട്ടാണ് ഓക്‌സിജന്‍ ക്ഷാമമെന്ന് പറയുന്നതെന്ന് രാംദേവ്; പൊലീസില്‍ പരാതി നല്‍കി ഐ.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th May 2021, 12:20 pm

ന്യൂദല്‍ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്‌ജ്യോത് ദാഹിയ.

കൊവിഡ് ബാധിതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് രാംദേവിനെതിരെ  ദാഹിയ പരാതി നല്‍കിയത്. രോഗബാധിതരായവരോട് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകരുതന്നും തന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമായിരുന്നു രാംദേവ് പറഞ്ഞത്.

ഇന്‍ജെക്ഷനുകളും റെംഡിസീവറും ഉപയോഗിക്കുന്നത് മരണത്തിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും രാംദേവ് പറഞ്ഞിരുന്നു. ഇതെല്ലാം പറയുന്ന രാംദേവിന്റെ വീഡിയോ ഉള്‍പ്പടെയുള്ള രേഖകള്‍ സമര്‍പ്പിച്ചാണ് ദാഹിയ പരാതി നല്‍കിയത്.

കൊവിഡ് രോഗികള്‍ക്ക് കൃത്യമായി ശ്വാസമെടുക്കാന്‍ അറിയില്ലെന്നും വെറുതെ ഓക്‌സിജന്‍ ക്ഷാമമെന്നും ശ്മശാനങ്ങളില്‍ സ്ഥലമില്ലെന്നും പറയുകയാണെന്നും രാംദേവ് പറഞ്ഞതായി ദാഹിയയുടെ പരാതിയില്‍ പറയുന്നു.

അതോടൊപ്പം കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കരുതെന്ന് രാംദേവ് ആഹ്വാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ എപിഡമിക്  ഡിസീസ് ആക്റ്റ്, 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ് എന്നിവ പ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്നും ഡോ. ദാഹിയ ആവശ്യപ്പെട്ടു

നേരത്തെ കൊവിഡിനെ പ്രതിരോധിക്കും എന്ന പേരില്‍ കൊറോണില്‍ എന്ന മരുന്ന് രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്നായിരുന്നു അവകാശവാദം.

എന്നാല്‍ ഇത്തരത്തില്‍ അംഗീകാരമൊന്നും നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: IMA Files Case Aganist Baba Ramdev