national news
ഇവിടെ താമസിക്കണമെങ്കില്‍ മറാത്തിയില്‍ സംസാരിക്കണം; ഹിന്ദിയില്‍ സംസാരിച്ചതിന് യുവാവിനെ മര്‍ദിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Thursday, 27th March 2025, 7:53 am

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്തി സംസാരിക്കാതെ ഹിന്ദി സംസാരിച്ചതിന് യുവാവിനെ മര്‍ദിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. ഡി- മാര്‍ട്ട് ജീവനക്കാരനെയാണ് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.എന്‍.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

ഒരു ഉപഭോക്താവിനോട് മറാത്തിയില്‍ സംസാരിക്കാന്‍ പ്രവര്‍ത്തകര്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയും ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 25 ചൊവ്വാഴ്ച അന്ധേരി വെര്‍സോവ ഔട്ട്ലെറ്റിലായിരുന്നു സംഭവം. യുവാവിനെ മര്‍ദിക്കുന്നതടക്കമുള്ള രണ്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഡി-മാര്‍ട്ട് ജീവനക്കാരന്‍ ഉപഭോക്താവിനോട് സംസാരിക്കുന്നതും പിന്നാലെ എം.എന്‍.എസ് പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

മുംബൈയില്‍ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറാത്തിയില്‍ സംസാരിക്കണമെന്നും അല്ലെങ്കില്‍ തിരിച്ച് നിങ്ങളുടെ സ്വന്തം സ്ഥലത്തേക്ക് പോകാമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദനം.

താന്‍ മറാത്തിയില്‍ സംസാരിക്കില്ലെന്നും ഹിന്ദിയില്‍ മാത്രമേ സംസാരിക്കൂവെന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂവെന്നും യുവാവ് എം.എന്‍.എസ് പ്രവര്‍ത്തകരോട് പറയുന്നുണ്ട്.

ജീവനക്കാരനെ എം.എന്‍.എസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വളയുകയും പിന്നാലെ മര്‍ദിക്കുകയുമായിരുന്നു. ക്ഷമാപണ രൂപത്തില്‍ ചെവിയില്‍ പിടിക്കാനും മറാത്തിയില്‍ ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാം.

എം.എന്‍.എസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞതിന് പിന്നാലെ മേധാവി രാജ് താക്കറെയോടും മാപ്പ് പറയണമെന്നും പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുന്നുണ്ട്.

Content Highlight: If you want to live here, you have to speak Marathi; Maharashtra Navnirman Sena beats up a young man for speaking in Hindi