''ബുർഖ' നിരോധിച്ചാൽ 'ഖുൺഘാത്തും' നിരോധിക്കണം': ജാവേദ് അക്തർ
national news
''ബുർഖ' നിരോധിച്ചാൽ 'ഖുൺഘാത്തും' നിരോധിക്കണം': ജാവേദ് അക്തർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2019, 10:51 pm

മുംബൈ: മുസ്‌ലിം സ്ത്രീകളുടെ വസ്ത്രമായ ‘ബുർഖ’ നിരോധിക്കുകയാണെങ്കിൽ ‘ഖുൺഘാത്തും’ നിരോധിക്കണമെന്ന് കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. രാജസ്ഥാനിലെ ഹിന്ദു സ്ത്രീകൾ ധരിക്കുന്ന മുഖം മറയ്ക്കുന്ന രീതിയിലുള്ള വേഷവിധാനമാണ് ഖുൺഘാത്ത്. ‘ബുർഖ’ നിരോധിക്കുകയാണെങ്കിൽ അതെ യുക്തി അനുസരിച്ച് ഖുൺഘാത്തും നിരോധിക്കേണ്ടതാണെന്ന് അക്തർ അഭിപ്രായപ്പെട്ടു.

ബുധനാഴ്ച ശിവസേനയുടെ പാർട്ടി പത്രമായ ‘സാമ്‌ന’യുടെ മുഖപ്രസംഗത്തിൽ ‘ബുർഖ’ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി എന്നോണമാണ് അക്തർ തന്റെ അഭിപ്രായം പറഞ്ഞത്.

‘നിങ്ങൾക്ക് ഇന്ത്യയിൽ ബുർഖ നിരോധിക്കണമെന്നാണെങ്കിൽ എനിക്കതിൽ ഒരു എതിർപ്പുമില്ല. എന്നാൽ അവസാനഘട്ടത്തിലുള്ള രാജസ്ഥാനിലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ്, ആ സംസ്ഥാനത്ത് പ്രചാരത്തിലുള്ള ഖുൺഘാത്തും നിങ്ങൾ നിരോധിക്കണം. ബുർഖയും ഖുൺഘാത്തും ഇല്ലാതാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ ഞാൻ സന്തോഷവാനാകും. ഇറാഖ് ഒരു യാഥാസ്ഥിതിക മുസ്ലിം രാജ്യമാണ്. എന്നാൽ അവിടെപ്പോലും സ്ത്രീകൾ മുഖം മറയ്ക്കാറില്ല. ഇപ്പോൾ ശ്രീലങ്കയും അങ്ങനെ തന്നെ ചെയ്യുകയാണ്.’ അക്തർ പറഞ്ഞു.

സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് തിങ്കളാഴ്ചയാണ് നിരോധിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണു തീരുമാനമെന്നും തിരിച്ചറിയുന്നതിനു തടസ്സമാവുന്ന തരത്തില്‍ മുഖം മറയ്ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിഖാബും ബുര്‍ഖയും ഉള്‍പ്പെടും.

ഇതിനെത്തുടർന്നാണ് ഇന്ത്യയിലും ബുർഖ നിരോധിക്കണമെന്ന് ‘സാമ്‌ന’ പത്രത്തിലൂടെ ശിവസേന പ്രധാനനമത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടത്. മൈത്രിപാല സിരിസേനയുടെ ബുർഖ നിരോധിക്കാനുള്ള തീരുമാനത്തെ ശിവസേന സ്വാഗതം ചെയ്തിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും മറ്റും ബുർഖകളും മുഖം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും ഉപയോഗിക്കപ്പെട്ട സന്ദർഭങ്ങൾ ചൂണ്ടികാണിച്ചായിരുന്നു ‘സാമ്‌ന’യുടെ മുഖപ്രസംഗം.

ഇസ്‌ലാമിക രാജ്യമായ തുർക്കിയുടെ ആദ്യത്തെ പ്രസിഡന്റായ കെമാൽ അതാതുർക്ക് രാജ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കപ്പെടുന്നത് കണ്ടുകൊണ്ട്(പുരുഷന്മാർ താടി വെക്കുന്നതും കെമാൽ നിരോധിച്ചിരുന്നു) അവ നിരോധിച്ച സന്ദർഭത്തെ കുറിച്ചും ‘സാമ്‌ന’ അതിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

എന്നാൽ ശിവസേന എം.പിയും ‘സാമ്‌ന’യുടെ എക്സിക്യൂട്ടീവ് എഡിറ്ററായ സഞ്ജയ് റാവത്ത് മുഖപ്രസംഗത്തിൽ പറയുന്നത് ശിവസേനയുടെ ഔദ്യോഗികമായ അഭിപ്രായമല്ലെന്ന് വ്യക്തമാക്കി. ഭോപ്പാലിൽ നിന്നുമുള്ള ബി.ജെ.പി. ലോക്സഭാ സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് താക്കൂർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് അതാണ് വേണ്ടതെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ മുസ്‌ലിം വേഷവിധാനത്തെ ഭീകരവാദത്തിന് ഉപയോഗിക്കുക വഴി ഭീകരവാദികൾ അതിനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും പ്രാഗ്യ പറഞ്ഞിരുന്നു.