സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സമീപനം മറ്റൊന്നായിരുന്നെങ്കില്‍ ക്രൈസ്തവരിലെ ഒരു വിഭാഗത്തെ ഒന്നടങ്കം ബി.ജെ.പി സഖ്യകക്ഷിയാക്കുമായിരുന്നു; കെ.ടി ജലീല്‍
Kerala News
സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സമീപനം മറ്റൊന്നായിരുന്നെങ്കില്‍ ക്രൈസ്തവരിലെ ഒരു വിഭാഗത്തെ ഒന്നടങ്കം ബി.ജെ.പി സഖ്യകക്ഷിയാക്കുമായിരുന്നു; കെ.ടി ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th September 2021, 10:46 am

കോഴിക്കോട്: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സമീപനം മറ്റൊന്നായിരുന്നെങ്കില്‍ ക്രൈസ്തവ സമൂഹത്തിലെ ഒരു വിഭാഗത്തെ ഒന്നടങ്കം ബി.ജെ.പിക്ക് അവരുടെ സഖ്യകക്ഷിയായി നിഷ്പ്രയാസം സൃഷ്ടിച്ച് കൊടുക്കുന്ന സ്ഥിതി ഉളവാകുമായിരുന്നെന്ന് കെ.ടി.ജലീല്‍ എം.എല്‍.എ

വര്‍ഗ്ഗീയ വൈറസ് പ്രസരിപ്പിച്ച് ആരാധനാലയങ്ങളുടെ വിശുദ്ധിക്ക് കളങ്കമേല്‍പ്പിക്കുന്ന പുരോഹിതന്‍മാരെ എല്ലാ മതവിഭാഗങ്ങളില്‍ പെടുന്ന വിശ്വാസികളും ബഹിഷ്‌കരിക്കണമെന്നും ശരിയായ പണ്ഡിതനാണ് മതനേതാവെങ്കില്‍ അയാള്‍ ജനങ്ങളെ പരസ്പരം അകറ്റുന്ന പ്രസ്താവനകള്‍ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ലക്ഷ്യമിട്ട് സംഘ്പരിവാരങ്ങള്‍ ഒരുക്കുന്ന കെണിയില്‍ ചിലര്‍ വീണുപോയത് ദൗര്‍ഭാഗ്യകരമാണ്. ആ വസ്തുത മനസ്സിലാക്കിയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഏതാണ്ടൊരേ ശബ്ദത്തില്‍ പാലാ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിച്ചതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

ബി.ജെ.പിക്ക് ആളെക്കൂട്ടിക്കൊടുക്കാനുള്ള ഉത്തരവാദിത്വം വ്യവസ്ഥാപിത രാഷ്ട്രീയ സംഘടനകള്‍ ഏറ്റെടുത്തില്ല എന്നത് ശുഭകരമാണ്. ഒരു വികാരത്തിന് നമുക്ക് കിണറ്റിലേക്ക് എടുത്തു ചാടാം. എന്നാല്‍ ആയിരം വികാരം ഒരുമിച്ച് വന്നാലും ചാടിയ കിണറ്റില്‍ നിന്ന് കരപറ്റാന്‍ പെട്ടന്ന് സാധിച്ചെന്ന് വരില്ല.

ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് കേരളത്തിലെ ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കരുതലോടെ നീങ്ങുന്നത്.
പാലാ ബിഷപ്പിനെ പോലെ ക്രൈസ്തവ-മുസ്‌ലിം സമുദായങ്ങളെ വ്യത്യസ്ത തട്ടുകളില്‍ നിര്‍ത്താന്‍ ഇടയാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച താമരശ്ശേരിയില്‍ ബിഷപ്പിനെ അങ്ങോട്ട് ചെന്ന് കണ്ട് മുസ്‌ലിം സമുദായ നേതാക്കള്‍ സംസാരിച്ച വാര്‍ത്ത ആഹ്ലാദം നല്‍കുന്നതാണെന്നും കെ.ടി ജലീല്‍ പറഞ്ഞു.

പരസ്പരമുള്ള ചര്‍ച്ചകള്‍ക്കു ശേഷം താമരശ്ശേരി അതിരൂപത അവര്‍ അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖയില്‍ വന്ന തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും വ്രണിത മനസ്സുകളോട് ക്ഷമാപണം നടത്താനും സന്നദ്ധമായത് അങ്ങേയറ്റം മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാഷിസ്റ്റ് കുതന്ത്രങ്ങളെ വിചാരം കൊണ്ട് നേരിടാന്‍ ബന്ധപ്പെട്ടവര്‍ കാണിച്ച സഹിഷ്ണുതാപരമായ സമീപനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇരുതല മൂര്‍ച്ചയുള്ള ആയുധമായതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ് കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ സമീപ കാലത്ത് ഉയര്‍ന്നു വന്നിരിക്കുന്നത്. വാക്കുകള്‍ ജാഗ്രതയോടെ ഉപയോഗിക്കാന്‍ മതപുരോഹിതന്‍മാരും വിശേഷണങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ജനനായകരും ശ്രദ്ധിക്കുന്നത് ഉചിതമാകുമെന്നും കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു.

എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഏതൊരാള്‍ക്കും സാധിക്കും. എന്നാല്‍ വൈക്കോല്‍ കൂനക്കടുത്ത് ആളാന്‍ വെമ്പുന്ന എരിയുന്ന കനലില്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ വിവേകികള്‍ക്കേ കഴിയൂള്ളുവെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

കെ.ടി. ജലീലിന്റെ പ്രതികരണം പൂര്‍ണരൂപം,

അധികമായാല്‍ വിശേഷണങ്ങളും വിഷം.

വര്‍ഗ്ഗീയ വൈറസ് പ്രസരിപ്പിച്ച് ആരാധനാലയങ്ങളുടെ വിശുദ്ധിക്ക് കളങ്കമേല്‍പ്പിക്കുന്ന പുരോഹിതന്‍മാരെ എല്ലാ മതവിഭാഗങ്ങളില്‍ പെടുന്ന വിശ്വാസികളും ബഹിഷ്‌കരിക്കണം. ശരിയായ പണ്ഡിതനാണ് മതനേതാവെങ്കില്‍ അയാള്‍ ജനങ്ങളെ പരസ്പരം അകറ്റുന്ന പ്രസ്താവനകള്‍ നടത്തില്ല.

ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ലക്ഷ്യമിട്ട് സംഘ്പരിവാരങ്ങള്‍ ഒരുക്കുന്ന കെണിയില്‍ ചിലര്‍ വീണുപോയത് ദൗര്‍ഭാഗ്യകരമാണ്. ആ വസ്തുത മനസ്സിലാക്കിയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഏതാണ്ടൊരേ ശബ്ദത്തില്‍ പാലാ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിച്ചത്. മറിച്ചായിരുന്നു സി.പി.ഐ.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും സമീപനമെങ്കില്‍ ക്രൈസ്തവ സമൂഹത്തിലെ ഒരു വിഭാഗത്തെ ഒന്നടങ്കം ബി.ജെ.പിക്ക് അവരുടെ സഖ്യകക്ഷിയായി നിഷ്പ്രയാസം സൃഷ്ടിച്ച് കൊടുക്കുന്ന സ്ഥിതി ഉളവാകുമായിരുന്നു.

ബി.ജെ.പിക്ക് ആളെക്കൂട്ടിക്കൊടുക്കാനുള്ള ഉത്തരവാദിത്തം വ്യവസ്ഥാപിത രാഷ്ട്രീയ സംഘടനകള്‍ ഏറ്റെടുത്തില്ല എന്നത് ശുഭകരമാണ്. ഒരു വികാരത്തിന് നമുക്ക് കിണറ്റിലേക്ക് എടുത്തു ചാടാം. എന്നാല്‍ ആയിരം വികാരം ഒരുമിച്ച് വന്നാലും ചാടിയ കിണറ്റില്‍ നിന്ന് കരപറ്റാന്‍ പെട്ടന്ന് സാധിച്ചെന്ന് വരില്ല.

ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ട്തന്നെയാണ് കേരളത്തിലെ ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കരുതലോടെ നീങ്ങുന്നത്.
പാലാ ബിഷപ്പിനെ പോലെ ക്രൈസ്തവ-മുസ്‌ലിം സമുദായങ്ങളെ വ്യത്യസ്ത തട്ടുകളില്‍ നിര്‍ത്താന്‍ ഇടയാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച താമരശ്ശേരി ബിഷപ്പിനെ അങ്ങോട്ട് ചെന്ന് കണ്ട് മുസ്‌ലിം സമുദായ നേതാക്കള്‍ സംസാരിച്ച വാര്‍ത്ത ആഹ്ലാദം നല്‍കുന്നതാണ്.

പരസ്പരമുള്ള ചര്‍ച്ചകള്‍ക്കു ശേഷം താമരശ്ശേരി അതിരൂപത അവര്‍ അച്ചടിച്ച് വിതരണം ചെയ്ത ലഘുലേഖയില്‍ വന്ന തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും വ്രണിത മനസ്സുകളോട് ക്ഷമാപണം നടത്താനും സന്നദ്ധമായത് അങ്ങേയറ്റം മാതൃകാപരമാണ്.

ഫാഷിസ്റ്റ് കുതന്ത്രങ്ങളെ വിചാരം കൊണ്ട് നേരിടാന്‍ ബന്ധപ്പെട്ടവര്‍ കാണിച്ച സഹിഷ്ണുതാപരമായ സമീപനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇരുതല മൂര്‍ച്ചയുള്ള ആയുധമായതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ് കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ സമീപ കാലത്ത് ഉയര്‍ന്നു വന്നിരിക്കുന്നത്. വാക്കുകള്‍ ജാഗ്രതയോടെ ഉപയോഗിക്കാന്‍ മതപുരോഹിതന്‍മാരും വിശേഷണങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ജനനായകരും ശ്രദ്ധിക്കുന്നത് ഉചിതമാകും.

എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഏതൊരാള്‍ക്കും സാധിക്കും. എന്നാല്‍ വൈക്കോല്‍ കൂനക്കടുത്ത് ആളാന്‍ വെമ്പുന്ന എരിയുന്ന കനലില്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ വിവേകികള്‍ക്കേ കഴിയൂ. ആ ദൗത്യ നിര്‍വഹണ പാതയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സുമനസ്സുകള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

If the approach of the CPI (M), the Congress and the League in the narcotics jihad controversy had been different, the BJP would have formed an alliance with a section of Christians; KT Jalil