വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ നല്ലത് മറ്റെന്തെങ്കിലും വായിക്കൂ; സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകം നിരോധിക്കില്ലെന്ന് കോടതി
national news
വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ നല്ലത് മറ്റെന്തെങ്കിലും വായിക്കൂ; സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകം നിരോധിക്കില്ലെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th November 2021, 2:49 pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകം നിരോധിക്കണമെന്ന ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി.

വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ ആളുകള്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാമെന്നും കോടതി പറഞ്ഞു.

” എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് വാങ്ങുകയോ വായിക്കുകയോ ചെയ്യരുതെന്ന് ആളുകളോട് ആവശ്യപ്പെടാത്തത്? പുസ്തകം മോശമായി എഴുതിയതാണെന്നും അത് വായിക്കരുതെന്നും എല്ലാവരോടും പറയുക. വികാരങ്ങള്‍ വ്രണപ്പെട്ടാല്‍ അവര്‍ക്ക് നല്ലത് മറ്റെന്തെങ്കിലും വായിക്കാം,” കോടതി ഹരജിക്കാരനോട് പറഞ്ഞു.

സല്‍മാന്‍ ഖുര്‍ഷിദിന്റെ ‘സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്’ എന്ന പുസ്തകം വികാരം വ്രണപ്പെടുത്തുന്നതാണെന്നും നിരോധിക്കണം എന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക വിഷയം, അതിന്മേലുണ്ടായ നിയമയുദ്ധം, അലഹബാദ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധികള്‍ എന്നിവയെക്കുറിച്ചാണ് പുസ്തകം.

‘സനാതന ധര്‍മവും ക്ലാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുളള സന്യാസിമാരും ഹിന്ദുത്വത്തെ തളളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐ.എസ്, ബോക്കൊഹറം തുടങ്ങിയ ഇസ് ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടേതിന് സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വം’ എന്നായിരുന്നു പുസ്തകത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് എഴുതിയത്.

ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് ഒരു സംഘം ആളുകള്‍ തീയിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: If sentiments are hurt, read something better: Delhi HC on plea seeking ban on Salman Khurshid’s book