തിരുവനന്തപുരം: സര്‍ക്കാരിനെതിരെ യുവാക്കള്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇതിനോടകം മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയെന്നും അഞ്ച് വര്‍ഷത്തിനിടെ നടന്നത് പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇതിനെതിരെയെല്ലാം ശക്തമായ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സിയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പുതിയ നിയമം കൊണ്ടുവരുമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. താല്‍ക്കാലിക നിയമനം എംപ്ലോയിമെന്റ് എക്‌സേഞ്ചിലൂടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”ഇഷ്ടക്കാരെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും തിരുകികയറ്റുന്ന നടപടിയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ പേരുവന്നിട്ടും ജോലികിട്ടാത്തതുകൊണ്ടാണ് തിരുവനന്തപുരത്ത് ഒരു യുവാവ് തന്റെ ജീവന്‍ ഒടുക്കിയത്.
ആത്മഹത്യയുടെ വക്കത്ത് എത്തിനില്‍ക്കുന്ന ധാരാളം ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. അവരുടെ പ്രയാസങ്ങള്‍ കാണാനോ അവരെ നിയമിക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിന് പകരം ഏറ്റവും കൂടുതല്‍ പിന്‍വാതില്‍ നിയമനം നടത്തിയെന്ന ഖ്യാതിയാണ് ഇന്ന് ഈ സര്‍ക്കാരിനുള്ളത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇത് പരിപൂര്‍ണമായി അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി ഒരു സമഗ്ര നിയമനിര്‍മ്മാണം യു.ഡി.എഫ് വന്നാല്‍ കൊണ്ടുവരുന്നതാണ്.
പി.എസ്.സിക്ക് കൃത്യസമയത്ത് ഒഴിവുകള്‍ അറിയിക്കാതെ താത്ക്കാലിക നിയമനത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുന്നതാണ് ആ നിയമം.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ക്രിമിനില്‍ കുറ്റവുമാക്കും. ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്.
പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ താത്ക്കാലിക നിയമനം നടത്തുന്നവര്‍ക്കെതിരെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പുതലവന്മാര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം രജിസ്റ്റര്‍ ചെയ്യുന്നതായിരിക്കും. താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സേഞ്ചിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂ,” രമേശ് ചെന്നിത്തല പറഞ്ഞു.