സ്ത്രീസുരക്ഷയെപ്പറ്റി സംസാരിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ സഭ; നിയമസഭയില്‍ ഇന്നും പ്രതിഷേധം; അടിയന്തര പ്രമേയം വീണ്ടും തള്ളി സ്പീക്കര്‍
Kerala News
സ്ത്രീസുരക്ഷയെപ്പറ്റി സംസാരിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ സഭ; നിയമസഭയില്‍ ഇന്നും പ്രതിഷേധം; അടിയന്തര പ്രമേയം വീണ്ടും തള്ളി സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th March 2023, 11:15 am

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നാലെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങള്‍ സഭ തള്ളുന്നത്. കഴിഞ്ഞ ദിവസം ബ്രഹ്‌മപുരം വിഷയവുമായി ബന്ധപ്പെട്ട പ്രമേയം സഭ തള്ളിയത് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തൃക്കാക്കര എം.എല്‍.എ ഉമാ തോമസ് നല്‍കിയ അടിയന്തര പ്രമേയമാണ് സ്പീക്കര്‍ തള്ളിയത്. സ്ത്രീ സുരക്ഷ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് സഭയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കറോട് ചോദിച്ചു.

‘ഇങ്ങനെയൊരു നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശരിയല്ല. 16 വയസുള്ള പെണ്‍കുട്ടി പട്ടാപ്പകല്‍ റോഡില്‍വെച്ച് അധിക്ഷേപിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്ത സംഭവം നടക്കുന്നു. സെക്രട്ടേറിയേറ്റിന്റെ മൂക്കിന് താഴെ ഉള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നു. സ്ത്രീസുരക്ഷയെ സംബന്ധിച്ച ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ സഭ,’ വി.ഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ ഇത് സമീപകാലത്തുണ്ടായ സംഭവമല്ലെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. ഇത്തരം പരാമര്‍ശങ്ങള്‍ ഒരു മുതിര്‍ന്ന നേതാവിന് ചേര്‍ന്നതല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Content Highlight: If problems regarding women’s safety cant be discussed, then what is the prupose of sabha aska VD satheeshan