ഫെബ്രുവരി 9നാണ് ഓസീസിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫി എന്ന പേരിൽ പ്രസിദ്ധമായ ചതുർദിന ടെസ്റ്റ് പരമ്പരയിൽ വിജയിക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കും.
നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ചതുർദിന പരമ്പരയിൽ അടങ്ങിയിരിക്കുന്നത്.
നാഗ്പൂർ, ധരംശാല,ദൽഹി,അഹമ്മദാബാദ് എന്നീ വേദികളിൽ വെച്ചാണ് മത്സരം നടക്കുന്നത്.
എന്നാൽ ഇന്ത്യക്കെതിരെ കളിക്കുന്ന ഓസ്ട്രേലിയൻ ടീമിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനായ റാഷിദ് ലത്തീഫ്.
ജഡേജയും അശ്വിനും ഒത്തുചേർന്നാൽ ഇന്ത്യ ബോളിങ് നിര അങ്ങേയറ്റം മൂർച്ചയുള്ളതായി മാറുമെന്നും, അങ്ങനെയെങ്കിൽ ഇന്ത്യക്കെതിരെ സൂക്ഷിച്ച് വേണം കളിക്കാനെന്നുമാണ് റാഷിദ് ലത്തീഫ് ഓസ്ട്രേലിയക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മുട്ടിനേറ്റ പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ജഡേജ ഫിറ്റ്നെസ് ടെസ്റ്റിൽ വിജയിച്ച് ഇന്ത്യൻ ടീമിലേക്ക് അടുത്തിടെ തിരിച്ചു വന്നിരുന്നു. ഇതൊടെ താരം ഓസിസിനെതിരെയുള്ള ടെസ്റ്റ് പരമ്പര കളിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
ഇതൊടെയാണ് അശ്വിനും ജഡേജയും ചേർന്ന കോമ്പിനേഷനെക്കുറിച്ച് റാഷിദ് ലത്തീഫ് ഓസിസിന് മുന്നറിയിപ്പ് നൽകിയത്.
“ജഡേജയുടെ അഭാവം ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. കളിയുടെ എല്ലാ മേഖലയിലും ഇടപെടാൻ സാധിക്കുന്ന ഒരു ഇന്ത്യൻ താരമാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ മടങ്ങിവരവ് ഇന്ത്യക്ക് ഈ ചതുർദിന പരമ്പരയിൽ വലിയ മുൻതൂക്കം നൽകുമെന്നതിൽ ഒരു സംശയവുമില്ല. ജഡേജയും അശ്വിനും ചേർന്നാൽ അത് ഓസ്ട്രേലിയക്ക് വലിയ തിരിച്ചടി നൽകും. അതിനാൽ ഓസിസ് ഇവരെ കരുതിയിരിക്കണം,’ റാഷിദ് ലത്തീഫ് പറഞ്ഞു.
“കൂടാതെ ഇരു താരങ്ങൾക്കുമൊപ്പം അക്സർ പട്ടേലും കളിക്കുന്നുണ്ട്.47 ടെസ്റ്റ് വിക്കറ്റ് നേടിയ കളിക്കാരനാണയാൾ,’ ലത്തീഫ് കൂട്ടിച്ചേർത്തു.