കൊച്ചി: ജോജു ജോര്‍ജ് വിഷയത്തില്‍ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ ഭിന്നത. ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയില്‍ നിന്ന് ആരും ഇടപെട്ടില്ലെന്ന നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റെ ആരോപണത്തില്‍ മറുപടിയുമായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി.
വിഷയത്തില്‍ സംഘടന ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്തു എന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.
‘ആ സമയത്ത് ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും ചെയ്തു. നമ്മള്‍ ആരും പിന്മാറിയില്ല. ബാബുരാജ്, ടിനി ടോം തുടങ്ങിയവര്‍ വിളിച്ചിരുന്നു. പിന്നെ ഗണേഷ് കുമാര്‍ വൈസ് പ്രസിഡന്റാണ്, പുള്ളിക്കും അതില്‍ ഇടപെടാം’ ഇടവേള ബാബു പറഞ്ഞു.
നേരത്തെ ‘അമ്മ’ സംഘടനയ്‌ക്കെതിരെ ഗണേഷ് രംഗത്തെത്തിയിരുന്നു. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു.
സംഘടനയുടെ മീറ്റിംഗില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു.