ഏഷ്യാ കപ്പിലെ പ്രതികാരം ലോകകപ്പില്‍ വീട്ടും; അമ്പതടിച്ച് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും, തകര്‍പ്പന്‍ സ്‌കോറില്‍ ഇന്ത്യ
Sports News
ഏഷ്യാ കപ്പിലെ പ്രതികാരം ലോകകപ്പില്‍ വീട്ടും; അമ്പതടിച്ച് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും, തകര്‍പ്പന്‍ സ്‌കോറില്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th October 2024, 9:29 pm

ഐ.സി.സി വനിതാ ടി-20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ മികച്ച സ്‌കോറുമായി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 172 റണ്‍സിന്റെ മികച്ച സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സ്മൃതി മന്ഥാനയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

തുടക്കം ഗംഭീരം

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 98 റണ്‍സാണ് സ്മൃതി മന്ഥാനയും ഷെഫാലി വര്‍മയും ചേര്‍ന്ന് സ്വന്തമാക്കിയത്.

മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ താരം റണ്‍ ഔട്ടായി പുറത്താവുകയായിരുന്നു. 38 പന്തില്‍ നിന്നും 50 റണ്‍സാണ് താരം നേടിയത്. നാല് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്.

മന്ഥാന പുറത്തായി തൊട്ടടുത്ത പന്തില്‍ തന്നെ ഷെഫാലിയെയും ഇന്ത്യക്ക് നഷ്ടമായി. ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ പന്തില്‍ വിഷ്മി ഗുണരത്‌നെക്ക് ക്യാച്ച് നല്‍കിയാണ് ഷെഫാലി പുറത്തായത്.

40 പന്തില്‍ 43 റണ്‍സാണ് ഷെഫാലി നേടിയത്. നാല് ഫോറാണ് യുവതാരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

കത്തിക്കയറി ക്യാപ്റ്റന്‍

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും നാലാമതായി ജെമീമ റോഡ്രിഗസും കളത്തിലിറങ്ങി. അധികം ഇംപാക്ട് ഉണ്ടാക്കാതെ ജെമീമ പുറത്തായപ്പോള്‍ മറുവശത്ത് നിന്ന് ക്യാപ്റ്റന്‍ വെടിക്കെട്ട് പുറത്തെടുത്തു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികള്‍ പാഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ഒടുവില്‍ 20 ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് അടിച്ചുകൂട്ടി. കൗര്‍ 27 പന്തില്‍ 52 റണ്‍സ് സ്വന്തമാക്കി. എട്ട് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 192.59 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ക്യാപ്റ്റന്‍ റണ്ണടിച്ചുകൂട്ടിയത്.

ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയോട് തോറ്റതിന്റെ നിരാശ മറികടക്കാന്‍ കൂടിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

ലോകകപ്പില്‍ ഇതുവരെ

ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് ഞെട്ടിക്കുന്ന പരാജയമേറ്റുവാങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി.

എന്നാല്‍ ഒട്ടും തിളക്കമുള്ളതായിരുന്നില്ല പാകിസ്ഥാനെതിരായ വിജയം. നെറ്റ് റണ്‍ റേറ്റുയര്‍ത്താന്‍ ശ്രീലങ്കക്കെതിരെ മികച്ച വിജയം തന്നെയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

 

Content Highlight: ICC Women’s T20 World Cup: IND vs SL: India scored 172 in 1st innings