Advertisement
Film News
ഒരു ഓണക്കാലത്ത് ഇച്ചാക്കയുടെ അഞ്ച് സിനിമ ഒന്നിച്ച് റിലീസ് ചെയ്തു; ഇന്നും ഒരു പുതിയ സിനിമ ചെയ്യാന്‍ പോകുമ്പോഴുള്ള ആവേശം കാണണം: ഇബ്രാഹിം കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 31, 10:26 am
Wednesday, 31st May 2023, 3:56 pm

മമ്മൂട്ടിക്ക് സിനിമ ചെയ്യാനുള്ള ആവേശത്തെ പറ്റി സംസാരിക്കുകയാണ് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. മമ്മൂട്ടിയുടേതായി ഒരു വര്‍ഷം അഞ്ച് സിനിമകള്‍ വരെ ഇറങ്ങിയ വര്‍ഷം ഉണ്ടായിട്ടുണ്ടെന്നും അന്ന് അദ്ദേഹത്തെ കാണുന്നത് തന്നെ അപൂര്‍വമായിരുന്നുവെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. സിനിമയോടുള്ള കൊതി ഇതുവരെ മാറിയിട്ടില്ല എന്നും ഇപ്പോഴും ഒരു പുതിയ സിനിമ ചെയ്യാന്‍ പോകുമ്പോഴുള്ള ആവേശം കാണണമെന്നും മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇബ്രാഹിം കുട്ടി പറഞ്ഞു.

‘മമ്മൂട്ടി 38 സിനിമകള്‍ വരെ ചെയ്ത വര്‍ഷം ഉണ്ടായിട്ടുണ്ട്. അന്ന് ആറു ദിവസം കൊണ്ടൊക്കെ ഒരു സിനിമ കഴിയും. ഗീതം എന്ന് പറയുന്ന സിനിമയൊക്കെ ആറു ദിവസം കൊണ്ട് ഷൂട്ടിങ് കഴിഞ്ഞിട്ടുണ്ട്. അതുപൊലെ ഒരു ഓണക്കാലത്ത്, അഞ്ച് സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്തിട്ടുണ്ട്. ആവനാഴി, പൂവിനു പുതിയ പൂന്തെന്നല്‍, നന്ദി വീണ്ടും വരിക, സായം സന്ധ്യ, അന്യായ വിധി. ഓണത്തിന് മമ്മൂട്ടിയുടെ അഞ്ച് സിനിമകള്‍.

ആ സമയത്ത് പുള്ളിയെ കാണുന്നത് തന്നെ അപൂര്‍വ്വം ആണ്. അന്ന് ഞങ്ങള്‍ ചെമ്പില്‍ ആണ് താമസിക്കുന്നത്. അപ്പോള്‍ പുള്ളി വരും ഉപ്പയേയും ഉമ്മയേയും കാണാന്‍. ഒരുപാട് വൈകും, കാരണം ഷൂട്ടിങ് ഒക്കെ അല്ലെ.

ആക്രാന്തം ഇപ്പോഴും മാറിയിട്ടില്ലല്ലോ. അഭിനയിക്കണം പുതിയ സിനിമകള്‍ ചെയ്യണം. സിനിമയില്‍ അഭിനയിച്ചിട്ട് പുള്ളിക്ക് ഇപ്പോഴും കൊതി മാറിയിട്ടില്ല. പള്ളി ഭയങ്കര എക്സൈറ്റഡ് ആണ്. അപ്പോള്‍ നമുക്ക് തോന്നും ഈ പുള്ളിക്ക് ഇത് വരെ സിനിമയില്‍ അഭിനയിച്ച് മടുത്തില്ലേ എന്ന്. ഒരു പുതിയ സിനിമ ചെയ്യാന്‍ പോകുമ്പോള്ളുള്ള ആവേശം കാണണം,’ ഇബ്രാഹിംകുട്ടി പറഞ്ഞു.

താനും മമ്മൂട്ടിയും ചെയ്യുന്ന സിനിമകള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും പക്ഷെ എല്ലാ സിനിമകളും കണ്ട് അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും താരം പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ ഫോട്ടോസ് കാണുമ്പോള്‍ തന്നെ അത് ഏത് ചിത്രമാണെന്ന് ആളുകള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ പരസ്പരം സിനിമയുടെ കഥകള്‍ ഒന്നും ചര്‍ച്ച ചെയ്യാറില്ല. പുള്ളി അഭിനയിക്കുന്ന സിനിമകളുടെ കഥകളൊന്നും ഞങ്ങള്‍ ചോദിക്കാറില്ല. സിനിമയുടെ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും ഏത് സിനിമയില്‍ അഭിനയിക്കണം എന്നൊക്കെ. ചില സംഭവങ്ങളൊക്കെ പുള്ളി ചെറിയ ചെറിയ കാര്യങ്ങളൊക്കെ പറയും. അല്ലാതെ അതിനെപ്പറ്റി ആധികാരികമായി സംസാരിക്കാറില്ല. പുളളിക്ക് അറിയാലോ ഏത് സിനിമ ചെയ്യണം ഏത് ചെയ്യണ്ട എന്നൊക്കെ.

പിന്നെ സിനിമ കണ്ടിട്ട് ഞങ്ങള്‍ അഭിപ്രായം പറയും. അതിപ്പോ ഏത് സിനിമ ആയാലും. ഈ അടുത്ത് പ്രണയവിലാസം കണ്ടിട്ട് ഞാന്‍ പറഞ്ഞിരുന്നു അപ്പോള്‍ പുള്ളിയും പറഞ്ഞു നല്ല സിനിമയാണെന്ന്. ഞങ്ങള്‍ എല്ലാ സിനിമയേയും കുറിച്ച് അഭിപ്രായം പറയും. എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ കാണും. കാന്താരയൊക്കെ ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടത്.

എനിക്ക് ഇച്ചാക്ക അഭിനയിച്ച ഒരുപാട് സിനിമകളും കഥാപാത്രങ്ങളും ഇഷ്ടമാണ്. എന്റെ ചേട്ടന്‍ ആയത് കൊണ്ട് പറയുകയല്ല. മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ ഒരു 100 ഫോട്ടോസ് തന്നാല്‍ ഒരു 85 എണ്ണമെങ്കിലും ഏത് സിനിമയാണെന്ന് നിങ്ങള്‍ പറയും, പറയാന്‍ പറ്റും. ഇത് ധ്രുവം ആണ്, ഇത് മൃഗയ ആണ്, ഇത് മതിലുകള്‍ ആണെന്ന് നമുക്ക് കൃത്യമായി പറയാന്‍ പറ്റും. അത് അപ്പിയറന്‍സില്‍ വരുന്ന മാറ്റം ആണ്,’ ഇബ്രാഹിംകുട്ടി പറഞ്ഞു.

Content Highlight: ibrahim kutty talks about mammootty’s passion for cinema