Advertisement
Technology
ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ അവതരിപ്പിച്ച് ഐ.ബി.എം; വലിപ്പം 1 മില്ലിമീറ്റര്‍, വില ഏഴ് രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 21, 12:51 pm
Wednesday, 21st March 2018, 6:21 pm

ലാസ് വേഗസ്: ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിച്ച് ഐ.ബി.എം. ഐ.ബി.എം തിങ്ക് കോണ്‍ഫറന്‍സ് 2018 ലാണ് ഒരു പഞ്ചസാരത്തരിയോളം മാത്രം വലുപ്പമുള്ള കമ്പ്യൂട്ടര്‍ അവതരിപ്പിച്ചത്. 1×1 മില്ലിമീറ്ററാണ് കമ്പ്യൂട്ടറിന്റെ വലിപ്പം. വലിപ്പത്തില്‍ മാത്രമല്ല, വിലയിലും കുഞ്ഞനായ ഈ കമ്പ്യൂട്ടറിന്റെ നിര്‍മ്മാണ ചെലവ് കേവലം ഏഴു രൂപയാണ്.

x86 ശേഷിയുള്ള ചിപ്പ് ഉള്‍ക്കൊള്ളിച്ചാണ് ഐ.ബി.എം ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. പത്ത് ലക്ഷത്തോളം ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ കമ്പ്യൂട്ടര്‍ നേരെ ചൊവ്വെ കാണാന്‍ മൈക്രോസ്‌കോപിന്റെ സഹായം ആവശ്യമാണ്.


Read Also: കേംബ്രിഡ്ജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് കൂട്ടുപ്രതി


കാഴ്ചക്ക് ചെറുതെങ്കിലും ഈ പരിമിതി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തില്‍ കാണില്ലെന്ന് ഐ.ബി.എം അവകാശപ്പെടുന്നു. നിരീക്ഷണത്തിനും വിശകലനത്തിനും ആശയവിനിമയത്തിനും ശേഷിയുള്ളതാണ് പുതിയ കമ്പ്യൂട്ടര്‍. സ്റ്റാറ്റിക് റാം ആണ് മെമ്മറിക്കായി ഉപയോഗിക്കുന്നത്. സോളാര്‍ സെല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. എല്‍.ഇ.ഡിയും ലൈറ്റ് സെന്‍സറും ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ നടത്താനും കമ്പ്യൂട്ടറിനാവും.

ഐ.ബി.എമ്മിന്റെ 5 ഇന്‍ 5 എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഭാവിയുടെ അഞ്ച് ടെക്‌നോളജികളില്‍ ഐ.ബി.എം നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇന്‍ 5 പ്രൊജക്ട്. കൃത്രിമ ബുദ്ധി, ബ്ലോക്ക് ചെയിന്‍, എന്‍ക്രിപ്ഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്രിപ്‌റ്റോ ആങ്കേഴ്‌സ് എന്നീ ടെക്‌നോളജികളിലാണ് 5 ഇന്‍ 5 ന്റെ പരീക്ഷണം.