‘ഞാന്‍ നേരിട്ട ബോഡി ഷെയ്മിംഗിന് കണക്കില്ല. നമ്മളൊക്കെ അതിന്റെ ഭാഗമല്ലേ. ഞാന്‍ അതിഭീകരമായി ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ട്. എനിക്ക് അധികം മുടിയില്ലല്ലോ. ഒരു പതിനായിരം പേര്‍ അതും പറഞ്ഞ് എന്നെ കളിയാക്കിയിട്ടുണ്ട്.
മുടി പോകുന്ന സമയമായിരുന്നു. നമ്മുടെ ലക്ഷ്യമാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുക എന്നതും. അങ്ങോട്ട് എങ്ങനെ എത്തിപ്പെടുമെന്ന് അറിയാതെ നില്‍ക്കുന്ന സമയം.
അങ്ങനെ ഒരുപാട് ആശങ്കകള്‍ ഉള്ള സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത്. പക്ഷെ അതിനൊക്കെ ഒരു സമയമുണ്ട്. സിനിമയില്‍ വന്ന് കഴിഞ്ഞപ്പോഴേക്കും ഞാന്‍ കോണ്‍ഫിഡന്റ് ആയി.
പിന്നെ പിന്നെ ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കാതെയായി. പക്ഷെ നമ്മള്‍ ഒന്നുമല്ലാതെയായിരിക്കുന്ന സമയത്ത് പലരും എറിയുന്ന ഇത്തരം കല്ലുകള്‍ നമുക്ക് കൊള്ളും. ഇപ്പോള്‍ അതില്‍ നിന്നൊക്കെ മാറാന്‍ കഴിഞ്ഞു,’ വിനയ് പറഞ്ഞു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലികില്‍ ശ്രദ്ധേയമായ വേഷമാണ് വിനയ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വിനയ് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ് മാലികിനെതിരെ ഉയരുന്ന പ്രധാന ആരോപണം.
ബീമാപ്പള്ളി വെടിവെയ്പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമര്‍ശിക്കുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.