ലാഹോര്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡുകള്‍ ഓരോന്നായി തിരുത്തിയെഴുതുന്ന കോഹ്‌ലിയെ തുടക്കകാലത്തില്‍ തന്നെ പ്രതിഭാധനനായ കളിക്കാരനെന്ന് പലരും വിശേഷിപ്പിച്ചിരുന്നു.
ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും ടി-20 യിലും മികച്ച വിജയങ്ങള്‍ സമ്മാനിക്കുന്ന കോഹ്‌ലി ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത് 2014 ലാണ്.
എന്നാല്‍ കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കരുത് എന്ന അഭിപ്രായമായിരുന്നു തനിക്കുണ്ടായിരുന്നത് എന്ന് തുറന്നുപറയുകയാണ് പാകിസ്ഥാന്‍ മുന്‍ താരം ഷൊയ്ബ് അക്തര്‍.
ഇക്കാര്യം താന്‍ വിരാട് കോഹ്‌ലിയുടെ പങ്കാളിയായ അനുഷ്‌ക ശര്‍മ്മയുമായി പങ്കുവെച്ചിരുന്നെന്നും അക്തര്‍ പറഞ്ഞു.
‘സോണി ഷോയില്‍ അനുഷ്‌കയോട് ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നു. ക്യാപ്റ്റനാകുന്നത് വഴി വിരാട് ഒരു അബദ്ധം ചെയ്യുന്നു എന്നായിരുന്നു ഞാന്‍ അനുഷ്‌കയോട് പറഞ്ഞത്. കാരണം അത്രയും സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുമെന്ന് എനിക്കറിയാം,’ അക്തര്‍ പറഞ്ഞു.
നൂറുകോടിയോളം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ ടീമിനെ പ്രതിനിധീകരിക്കുക എന്നത് ചെറിയ ജോലിയല്ലെന്നും അക്തര്‍ പറഞ്ഞു. അതുണ്ടാക്കുന്ന സമ്മര്‍ദ്ദം കോഹ്‌ലിയുടെ ബാറ്റിംഗിനെ ബാധിക്കുമോ എന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അക്തര്‍ കൂട്ടിച്ചേര്‍ത്തു.