അതേ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വന്നിരിക്കുന്നു; ഒടുവിൽ സമ്മതിച്ച് സൂപ്പർ പരിശീലകൻ
Foootball News
അതേ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വന്നിരിക്കുന്നു; ഒടുവിൽ സമ്മതിച്ച് സൂപ്പർ പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th February 2023, 6:14 pm

യൂറോപ്പ ലീഗിലെ ആവേശകരമായ ആദ്യ പാദ ക്വാളിഫയർ മത്സരത്തിൽ ബാഴ്സലോണ-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം 2-2 സമനിലയിൽ പിരിഞ്ഞു. ബാഴ്സലോണക്കായി മാർക്കോസ് അലോൻസോ, റാഫീഞ്ഞ്യാ എന്നിവർ ഗോളുകൾ നേടിയപ്പോൾ മാൻ യുണൈറ്റഡിനായി റാഷ്ഫോർഡ് സ്കോർ ചെയ്തു. ഒരു ഗോൾ ജൂലസ് കോണ്ടെയുടെ സെൽഫ് ഗോൾ ആയിരുന്നു.

ആദ്യ പാദ മത്സരം സമനിലയിൽ അവസാനിച്ചതോടെ രണ്ടാം പാദ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. മാൻ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീമിന് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ മത്സരിക്കാൻ സാധിക്കും.

എന്നാൽ ഒരു നീണ്ടകാലയളവിലുടനീളം തുടരെ തകർച്ചയും തിരിച്ചടിയും നേരിട്ടിരുന്ന യുണൈറ്റഡിന്റെ അതിശയിപ്പിക്കുന്ന തിരിച്ചുവരവിനെക്കുറിച്ചാണ് ഫുട്ബോൾ ലോകമിപ്പോൾ ചർച്ച ചെയ്യുന്നത്.

ഈ സീസണിൽ പ്രീമിയർ ലീഗിലും യൂറോപ്പയിലും എഫ്.എ കപ്പ്, കരബാവോ കപ്പ് മുതലായ ടൂർണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ക്ലബ്ബ്‌ കരബാവോ കപ്പിൽ ഫൈനലിലും എത്തിയിരുന്നു.

എന്നാലിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച തിരിച്ചുവരവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണയുടെ പരിശീലകനായ സാവി.


ബി.ടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താരം യുണൈറ്റഡുമായുള്ള മത്സരത്തെക്കുറിച്ചും യുണൈറ്റഡിന്റെ തിരിച്ചുവരവിനെക്കുറിച്ചും പ്രസ്ഥാവിച്ചത്.

“യുണൈറ്റഡിനെതിരെ വളരെ കഠിനമായൊരു മത്സരമാണ് ഞങ്ങൾ നടത്തിയത്. അതിനാൽ തന്നെ കളി നല്ല നിലയിൽ അവസാനിച്ചതിൽ ഞങ്ങൾക്ക് അഭിമാനവുമുണ്ട്. യൂറോപ്പിലെ മികച്ച ടീമുകളിലൊന്നുമായാണ് ഞങ്ങൾ കളിച്ചത്. അതിനാൽ തന്നെ ഈ സമനില ഞങ്ങൾ കാര്യമാക്കുന്നില്ല,’ സാവി പറഞ്ഞു.

“ഞാൻ വിചാരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണെന്നാണ്. ഇന്ന് അവർ അവരുടെ യഥാർത്ഥ മത്സരവീര്യം പുറത്തെടുത്തു. മത്സരം ഞങ്ങൾ നല്ല നിലയിൽ അവസാനിപ്പിച്ചു. ഓൾഡ് ട്രാഫോർഡിലും ഞങ്ങൾ മത്സരം നന്നായി പൂർത്തിയാക്കും,’ സാവി കൂട്ടിച്ചേർത്തു.

“രണ്ട് ടീമുകളും ഒരേ രീതിയിൽ തന്നെയാണ് മത്സരം മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ ഞങ്ങൾ തിരിച്ചു വരും. ടെൻ ഹാഗ് യുണൈറ്റഡിനെ നന്നായി പരിശീലിപ്പിക്കുന്നുണ്ട് അതിനാൽ തന്നെ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നുണ്ട്.

തീർച്ചയായും ഞങ്ങൾ ഇരു ടീമിനും ഭാവിയിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടാൻ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ,’ സാവി പറഞ്ഞു.
അതേസമയം ഫെബ്രുവരി 24നാണ് യൂറോപ്പ ലീഗിലെ ബാഴ്സ-യുണൈറ്റഡ് രണ്ടാം പാദ മത്സരം.

നിലവിൽ ലാ ലിഗയിൽ 21 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളോടെ 56 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സ.
23 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളോടെ 46 പോയിന്റുമായി യുണൈറ്റഡ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്.

 

Content Highlights:I think Manchester is coming back said xavi