ന്യൂദല്‍ഹി: താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് ഉള്ളിവില കൂടിയതു തന്നെ ബാധിക്കില്ലെന്നുമുള്ള കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെ സമാനമായ പ്രസ്താവനയുമായി അടുത്ത കേന്ദ്രമന്ത്രി. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയാണ് ഉള്ളിവിലയെക്കുറിച്ച് സംസാരിക്കവേ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം- ‘ഞാനൊരു സസ്യഭുക്കാണ്. ഞാനിതുവരെ ഒരു ഉള്ളി രുചിച്ചുനോക്കിയിട്ടു പോലുമില്ല. പിന്നെങ്ങനെയാണ് എന്നെപ്പോലൊരാള്‍ക്ക് ഉള്ളിയുടെ വിപണിവിലയെക്കുറിച്ച് അറിയാന്‍ കഴിയുക?’
ചൗബേ പാര്‍ലമെന്റിനു പുറത്തുവെച്ചായിരുന്നു ഇങ്ങനെ പ്രതികരിച്ചതെങ്കില്‍, പാര്‍ലമെന്റിനുള്ളില്‍ സംസാരിക്കവെയായിരുന്നു നിര്‍മലയുടെ വിവാദ പ്രസ്താവന. ‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം കഴിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണു ഞാന്‍ വരുന്നത്.’- നിര്‍മല പറഞ്ഞു.
ഉള്ളിയുടെ വിലക്കയറ്റത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം. വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.
നിലവില്‍ ഉള്ളിയുടെ വില 110 മുതല്‍ 160 രൂപവരെയാണ്. ഉള്ളി സംബന്ധമായ ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തുകയെന്നും ധനമന്ത്രി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉള്ളിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഉള്ളിയുടെ വരവ് കുത്തനെ കുറഞ്ഞിട്ടുണ്ട്.
#WATCH “I am a vegetarian. I have never tasted an onion. So, how will a person like me know about the situation (market prices) of onions,” says Union Minister Ashwini Choubey pic.twitter.com/cubekfUrYW
— ANI (@ANI) December 5, 2019