എന്നെ തീവ്രവാദിയായി മുദ്രകുത്തി; ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണ് നിറഞ്ഞ് സായിബാബ
India
എന്നെ തീവ്രവാദിയായി മുദ്രകുത്തി; ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണ് നിറഞ്ഞ് സായിബാബ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th March 2024, 8:51 pm

ന്യൂദല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായിട്ടും ഇപ്പോഴും ജയിലിലാണെന്നാണ് തോന്നുന്നതെന്ന് പ്രൊഫസര്‍ ജി.എന്‍ സായിബാബ. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ ഏഴ് വര്‍ഷത്തെ ജയില്‍ ജീവിതത്തെ കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് തുറന്ന് സംസാരിച്ചു. വര്‍ഷങ്ങളായി തന്റെ കുടുംബം അനുഭവിക്കുന്ന വേദനകളെ കുറിച്ച് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനാവുകയും ചെയ്തു.

‘ഞാന്‍ സ്വതന്ത്രനായെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇപ്പോഴും ജയില്‍ സെല്ലിലാണ് കഴിയുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഏഴ് വര്‍ഷങ്ങള്‍ എനിക്ക് ഒരു അഗ്നിപരീക്ഷയായിരുന്നു’, സായിബാബ പറഞ്ഞു.

കേസ് നടത്തിയതിന് തന്റെ അഭിഭാഷകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. അഭിഭാഷകരില്‍ ഒരാള്‍ ഫീസ് വാങ്ങാതെയാണ് കേസ് വാദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ പിന്തുണച്ചതിന് അഭിഭാഷകന് ജയിലില്‍ പോകേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

‘ആശുപത്രിയില്‍ പോകുന്നതിന് പകരം ഞാന്‍ മാധ്യമങ്ങളെ കാണാനാണ് തീരുമാനിച്ചത്. കാരണം എന്റെ യാത്രയിലുടനീളം നിങ്ങള്‍ മാധ്യമങ്ങള്‍ എന്നെ പിന്തുണച്ചു. എന്റെ കുടുംബത്തിന് വലിയ കളങ്കം നേരിടേണ്ടി വന്നു. എന്നെ എല്ലാവരും തീവ്രവാദിയെന്ന് വിളിച്ചു’, കണ്ണീരോടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരെ പൊലീസ് ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു. താന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയില്‍ മാത്രമാണ് തന്റെ കുടുംബം സാഹചര്യങ്ങളെ അതിജീവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ സായിബാബയെ ചൊവ്വാഴ്ചയാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി കോടതിയാണ് സായിബാബയെ ശിക്ഷിച്ചത്. ശേഷം 2017 മുതല്‍ അദ്ദേഹം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു.

Content Highlight: I Feel Like I Am Still In Jail: Acquitted Former Professor GN Saibaba