Entertainment news
ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല; ഷെയിന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 25, 05:43 pm
Saturday, 25th June 2022, 11:13 pm

ഷെയിന്‍ നിഗം നായകനായി എത്തുന്ന ഉല്ലാസം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യാന്‍ താല്‍പര്യമില്ല എന്നാണ് ഷെയിന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതല്‍ സീരിയസ് റോളുകള്‍ ചെയ്ത ശേഷം ഹാപ്പി ആയിട്ടുള്ള റോള്‍ ചെയ്തപ്പോള്‍ ഏതായിരുന്നു കംഫര്‍ട്ട് എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് ഷെയിന്‍ മറുപടി പറഞ്ഞത്.

‘ഇപ്പോള്‍ എനിക്ക് തോന്നുന്നത് അത്ര കറക്റ്റ് ആയ, സ്ട്രോങ് ആയ പോയിന്റ് പറയാന്‍ വേണ്ടി മാത്രമേ ഇനി ഡാര്‍ക്ക് റോളുകള്‍ ചെയ്യുള്ളു. അല്ലാതെ ഫീല്‍ ഗുഡ് സിനിമകളും സന്തോഷമുള്ള സിനിമകളും ഇറങ്ങി പോകാന്‍ ആണ് താല്‍പര്യം. അല്ലാതെ ഡാര്‍ക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല’ ഷെയിന്‍ പറയുന്നു.

അടുത്തിടെ പ്രഖ്യപിക്കപ്പെട്ട പ്രിയദര്‍ശന്‍-ഷെയിന്‍ ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും ഷെയിന്‍ കൂട്ടിചേര്‍ക്കുന്നുണ്ട്.

നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ഉല്ലാസത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഷെയ്ന്‍ നിഗത്തെ കൂടാതെ അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് അപരിചതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ.

ഗോപി സുന്ദറാണ് ചിത്രത്തിലെ ബി.ജി.എം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംഘം സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം. ഷെയ്ന്‍ നിഗം നായകനായി ഏറ്റവും ഒടുവില്‍ തീയറ്ററില്‍ റീലീസ് ചെയ്ത ചിത്രം വെയിലാണ്.

Content Highlight : I don’t want to do dark roles anymore says shane nigam