തിരുവനന്തപുരം: കെ.മുരളീധരന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് ഇന്ന് ലഭിക്കുന്ന പിന്തുണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന തന്നെ എല്‍.ഡി.എഫ് കണ്‍വീനര്‍ അധിക്ഷേപിച്ചപ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് രമ്യ ഹരിദാസ് എം.പി.
ആര്യ രാജേന്ദ്രനെ പിന്തുണക്കുന്ന ഇന്നത്തെ മന്ത്രിയും അന്നത്തെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന പി.എ.മുഹമ്മദ് റിയാസിനെ അന്ന് കണ്ടിരുന്നില്ലെന്നും ആ പരാമര്‍ശത്തില്‍ ഇന്നേവരെ എ.വിജയരാഘവന്‍ ഖേദം പ്രകടിപ്പിച്ചതായി അറിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.
രമ്യ ഹരിദാസിനും കെ.കെ.രമക്കും എം.ജി യൂണിവേഴ്‌സിറ്റിലെ എ.ഐ.എസ്.എഫ് വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതിയും മേയര്‍ ആര്യാ രാജേന്ദ്രന് മറ്റൊരു നീതിയാണെന്നും രമ്യ ആരോപിച്ചു.
‘അന്ന് വിജയരാഘവനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടുകയോ കേസ് എടുക്കുകയോ ചെയ്തതായി അറിയില്ല. അവിടുന്നിങ്ങോട്ട് പാര്‍ലമെന്റ് അംഗമായത് മുതല്‍ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലും ഞാന്‍ നേരിട്ട അധിക്ഷേപത്തിനും അവഹേളനത്തിനും കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരിയല്ല എന്നതായിരുന്നു കാരണം. നിയമസഭ തെരെഞ്ഞെടുപ്പ് സമയത്ത് കാലൊടിഞ്ഞു ചികിത്സയിലായിരുന്ന ഞാന്‍ പ്രചരണ രംഗത്തിറങ്ങിയത് എത്ര വികൃതമായാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ചത്.
കഠിനമായ വേദന സഹിച്ചും സ്വന്തം ആദര്‍ശത്തിനുവേണ്ടി പ്രചാരണം നടത്തിയ എന്നെ നാടകനടിയാക്കിയാണ് സൈബര്‍ പോരാളികള്‍ ആഘോഷിച്ചത്. അതിനെതിരെ ഏതെങ്കിലും സി.പി.ഐ.എം നേതാക്കള്‍ പ്രതികരിച്ചോ? സി.പി.ഐ.എം അണികളെ അങ്ങനെ ചെയ്യരുതെന്ന് ഏതെങ്കിലും ഒരു നേതാവ് വിലക്കിയോ?
ആലത്തൂരില്‍ വെച്ച് ഭീഷണിയും തെറിവിളിയും ഉണ്ടായപ്പോള്‍ അതിനെതിരെ പരാതി പറഞ്ഞപ്പോള്‍ എന്നെ അവഹേളിക്കുകയാണ് ഉണ്ടായത്. അന്ന് നേതാക്കളും സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ പോരാളികളും എനിക്കെതിരെ നടത്തിയ തെറിവിളികള്‍ക്കും അവഹേളനത്തിനും കണക്കുണ്ടോ?
അതിന് എന്ത് നടപടിയുണ്ടായി? പാലക്കാട് ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം വാങ്ങാന്‍ ചെന്ന എന്നെ 10 മിനിറ്റിലധികം പിറകെ നടന്ന് വീഡിയോ ഷൂട്ട് ചെയ്യുകയും എന്റെ കൈ തട്ടിമാറ്റുകയും ചെയ്ത സംഭവത്തില്‍ എന്നെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് എങ്ങനെയായിരുന്നു?,’ രമ്യ ഹരിദാസ് ചോദിച്ചു.