2022ലെ ഖത്തർ ലോകകപ്പ് ഫൈനൽ മത്സരം ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് വളരെ നിർണായക മത്സരമായിരുന്നു.
സാക്ഷാൽ ലയണൽ മെസിയുടെ അവസാന ലോകകപ്പ് എന്ന അഭ്യൂഹങ്ങൾക്കിടയിൽ മെസി ഒരു ലോകകപ്പ് സ്വന്തമാക്കി തന്റെ കരിയർ സമ്പൂർണമാക്കുമോ എന്നായിരുന്നു ആരാധകർ കാത്തിരുന്നത്.
ലോകകപ്പ് കൂടി സ്വന്തമാക്കാൻ സാധിച്ചതോടെ കോപ്പാ, ഫൈനലിസിമ കിരീടങ്ങൾക്കൊപ്പം തുടർച്ചയായ മൂന്ന് ഫൈനലുകളും വിജയിച്ച് തങ്ങളുടെ കിരീട വരൾച്ച അവസാനിപ്പിക്കാൻ അർജന്റൈൻ ടീമിനായി.
വളരെ ആവേശകരമായ മത്സരത്തിൽ 80 മിനിട്ടുകൾ വരെ മത്സരത്തിൽ രണ്ട് ഗോളിന് മുമ്പിലായിരുന്ന അർജന്റീനയെ 80, 81 മിനിട്ടുകളിൽ തുടർച്ചയായി നേടിയ രണ്ട് ഗോളുകളോടെ എംബാപ്പെ സമനിലയിൽ തളയ്ക്കുകയായിരുന്നു.
ഒടുവിൽ മെസിയുടെ ഗോളിൽ അർജന്റീന ലീഡുയർത്തിയെങ്കിലും എംബാപ്പെയുടെ പെനാൽട്ടിയിൽ മത്സരം വീണ്ടും സമനിലയിൽ അവസാനിക്കുകയും. തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-2 എന്ന സ്കോറിന് അർജന്റീന വിജയിച്ച് ലോക കിരീടത്തിൽ മുത്തമിടുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ ഫൈനലിൽ മത്സരം കണ്ടതിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ. വളരെ വൈകാരികമായിരുന്നു ഫൈനൽ മത്സരം എന്നാണ് നദാൽ പറഞ്ഞത്.
‘സ്പെയ്ൻ പുറത്തായിട്ടും ഞാൻ ലോകകപ്പ് പിന്തുടരുന്നത് തുടർന്നിരുന്നു. മികച്ചൊരു ഫൈനൽ ആയിരുന്നു ലോകകപ്പിന്റെത്. എന്റെ ഫ്രഞ്ച് ഫ്രണ്ട്‌സ് എന്നോട് ഒന്നും വിചാരിക്കരുത്. മെസി ലോകകപ്പ് ഉയർത്തിയത് എന്നെ സംബന്ധിച്ച് വലിയ സന്തോഷം നൽകിയ കാര്യമാണ്. മെസിയുടെ പ്രതിഭക്ക് ലോകകപ്പ് നേട്ടം കൂടുതൽ തിളക്കം നൽകി,’ അദേഹം പറഞ്ഞു.
‘ഫൈനൽ ഞാൻ നന്നായി ആസ്വദിച്ചു. അർജന്റീനയെയായിരുന്നു ഞാൻ സപ്പോർട്ട് ചെയ്തിരുന്നത്. മത്സരത്തിലെ അർജന്റീനയുടെ മൂന്നാം ഗോൾ മെസി നേടിയ നിമിഷം സന്തോഷം കൊണ്ടെനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. കാരണം മെസിയുടെ കരിയറിലെ വലിയൊരു സുവർണ്ണ മുഹൂർത്തം കാണുകയായിരുന്നു ഞാൻ. മത്സരത്തിന്റെ 70 മിനിട്ട് മുതൽ കളി വേറെ ലെവലിലേക്ക് മാറി. തികച്ചും അതിഗംഭീരം,’ നദാൽ കൂട്ടിച്ചേർത്തു.
കൂടാതെ എംബാപ്പെ നന്നായി കളിച്ചെന്നും ഒരു റയൽ മാഡ്രിഡ് ഫാൻ എന്ന നിലയിൽ എംബാപ്പെ റയലിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നതായും അദേഹം വെളിപ്പെടുത്തി.
അതേസമയം ലോകകപ്പിനോടനുബന്ധിച്ച് നിർത്തി വെച്ചിരുന്ന ബിഗ് ഫൈവ് ലീഗുകളടക്കം ഡിസംബർ, ജനുവരി മാസങ്ങളിലായി പുനരാരംഭിക്കുകയാണ്. കൂടാതെ ജനുവരി മാസം തുറക്കുന്ന ട്രാൻസ്ഫർ വിൻഡോ കൂടി എത്തുമ്പോൾ ക്ലബ്ബ് ഫുട്ബോൾ ആവേശം അതിന്റെ അതിര് കടക്കും എന്ന് ഉറപ്പാണ്.
Content Highlights:I couldn’t stop crying when Messi scored the third goal; Tennis legend Rafael Nadal