D' Election 2019
വെല്ലുവിളിയാണ്, ടെലിപ്രോംറ്ററോ കടലാസോ നോക്കാതെ ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് സംവദിക്കാന്‍ തയ്യാറുണ്ടോ: മോദിയോട് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 09, 08:37 am
Thursday, 9th May 2019, 2:07 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വെല്ലുവിളിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.

ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ 42 സ്ഥാനാര്‍ത്ഥികളും കല്‍ക്കരി മാഫിയക്കാര്‍ ആണെന്ന മോദിയുടെ പ്രസ്താവനക്കെതിരെയായിരുന്നു മമത രംഗത്തെത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 42 സ്ഥാനാര്‍ത്ഥികളും കല്‍ക്കരി മാഫിയക്കാര്‍ ആണെന്നാണ് മോദി പറഞ്ഞത്. മോദി അത് തെളിയിച്ചാല്‍ ഈ 42 സ്ഥാനാര്‍ത്ഥികളേയും ഞാന്‍ പിന്‍വലിക്കും. അതിന് ഞാന്‍ തയ്യാറാണ്. എന്നാല്‍ മോദിക്ക് അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങളുടെ മുന്നില്‍ നിന്ന് 100 തവണ ഏത്തമിടാന്‍ തയ്യാറുണ്ടോ ? എന്നായിരുന്നു മമതയുടെ ചോദ്യം. മറ്റുള്ളവരെ സംരക്ഷിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് സ്വന്തം ഭാര്യയെ സംരക്ഷിക്കൂവെന്നും മമത പരിഹസിച്ചു.

” നിങ്ങളുടെ ദല്‍ഹി ഓഫീസ് ബി.ജെ.പി ഭരിക്കാന്‍ തുടങ്ങുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചിലപ്പോള്‍ മാഫിയകള്‍ ആകും. ഇവിടെ നടക്കുന്ന പശുക്കടത്ത് വെളിവാക്കുന്ന ഒരു പെന്‍ഡ്രൈവ് എന്റെ കൈവശമുണ്ട്. ഒരു കേന്ദ്രമന്ത്രിയ്ക്ക് അതില്‍ പങ്കുണ്ട് ”- മമത പറഞ്ഞു.

തൊഴിലില്ലായ്മയെ കുറിച്ചോ കള്ളപ്പണത്തെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ ഒരക്ഷരം സംസാരിക്കാതെ ടെലിപ്രോംപ്റ്ററും വെച്ച് പഴയകാര്യങ്ങള്‍ പറഞ്ഞു നടക്കുകയാണ് മോദി.

10 കോടി തൊഴില്‍ നിങ്ങള്‍ വാഗ്ദാനം ചെയ്തു. എവിടെ തൊഴില്‍? പശ്ചിമബംഗാളില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്ന് പാര്‍ലമെന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഒരു പേപ്പറോ ടെലിപ്രോംപ്റ്ററോ ഉപയോഗിക്കാതെ ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് ഒരു തുറന്ന് ചര്‍ച്ചയ്ക്ക് ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്- മമത പറഞ്ഞു.