ഞാൻ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കാൻ എന്നെ കിട്ടില്ല: നടൻ സത്യരാജ്
India
ഞാൻ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കാൻ എന്നെ കിട്ടില്ല: നടൻ സത്യരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2024, 9:32 am

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന തമിഴ് സിനിമയിൽ താൻ അഭിനയിക്കില്ലെന്ന് നടൻ സത്യരാജ്. പ്രത്യയശാസ്ത്രപരമായി താൻ പെരിയാറിസ്റ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.

“പ്രധാനമന്ത്രി മോദിയുടെ വേഷം ചെയ്യാൻ ആരും എന്നെ സമീപിച്ചിട്ടില്ല. ഈ വാർത്ത എനിക്ക് തന്നെ പുതിയതാണ്. ഈ വാർത്ത ആരോ മനഃപൂർവം പ്രചരിപ്പിച്ചതാണ്,’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഇറങ്ങുന്ന സിനിമയിൽ മോദിയായി സത്യരാജ് എത്തുമെന്ന വാർത്തകൾ വന്നിരുന്നു. ഇതിനെതിരെ കോൺഗ്രസ്  എം.പി. കാർത്തി ചിദംബരം ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് സത്യരാജ് പ്രതികരണവുമായി എത്തിയത്.

അതിനിടെ സത്യരാജിന് മോദിയുടെ വേഷം നൽകാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട് .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയുമായി ബന്ധപ്പെട്ട് നിരവധി ബയോപിക്കുകൾ ഇതിനോടകം വന്നിട്ടുണ്ട്. 2019ൽ വിവേക് ഒബ്‌റോയ് നായകനായ ‘പി.എം നരേന്ദ്ര മോദി’ എന്ന ജീവചരിത്ര ചിത്രം പുറത്തിറങ്ങിയിരുന്നു.

മോദി വിരുദ്ധ തരംഗം നിലനിൽക്കുന്ന ദക്ഷിണേന്ത്യയിൽ മോദിയുടെ പ്രതിച്ഛായ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമിഴിൽ ബയോപിക് ഒരുക്കാനുള്ള നീക്കങ്ങൾ നടക്കുന്നതെന്നാണ് റിപോർട്ടുകൾ പറയുന്നത്.

2007ൽ സാമൂഹ്യ പരിഷ്കർത്താവായ പെരിയാറിൻ്റെ ജീവചരിത്രത്തിൽ സത്യരാജ് അഭിനയിച്ചിരുന്നു. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

എസ്. എസ്. രാജമൗലിയുടെ ‘ബാഹുബലി’യിലെ കട്ടപ്പയുടെ വേഷത്തിന് ശേഷം നടൻ സത്യരാജിൻ്റെ പ്രശസ്തി രാജ്യവ്യാപകമായി വളർന്നിരുന്നു. തമിഴ് സിനിമകളിൽ നെഗറ്റീവ് വേഷങ്ങൾ ചെയ്തുകൊണ്ടാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. പിന്നീട് പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങി. തൻ്റെ അഭിനയ ജീവിതത്തിൽ മലയാളവും ഹിന്ദിയും ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ അദ്ദേഹം ശ്രദ്ധേയനാണ്.

 

 

Content Highlight: I am not going to play the role of Narendra Modi said by actor Sathyaraj