ഞാനുമൊരു ക്വാര്‍ട്ടര്‍ മലയാളിയാണ്, മിന്നല്‍ മുരളിക്കായി കാത്തിരിക്കുന്നു; ബേസിലിന്റെയും ടൊവിനോയുടെയും അഭിമുഖം നടത്തി പ്രിയങ്ക ചോപ്ര: വീഡിയോ
Entertainment news
ഞാനുമൊരു ക്വാര്‍ട്ടര്‍ മലയാളിയാണ്, മിന്നല്‍ മുരളിക്കായി കാത്തിരിക്കുന്നു; ബേസിലിന്റെയും ടൊവിനോയുടെയും അഭിമുഖം നടത്തി പ്രിയങ്ക ചോപ്ര: വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th December 2021, 7:28 pm

കൊച്ചി: ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ നായകനാവുന്ന മിന്നല്‍ മുരളി സിനിമക്കായി താനും കാത്തിരിക്കുകയാണെന്ന് നടിയും നിര്‍മാതാവുമായ പ്രിയങ്ക ചോപ്ര.

മുംബൈയില്‍ വെച്ച് നടക്കുന്ന ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ് (MAMI) ഫിലിം ഫെസ്റ്റിവലില്‍ മിന്നല്‍ മുരളി പ്രീമിയര്‍ ചെയ്യുന്നതിനോട് അനുബന്ധിച്ച് ടൊവിനോ തോമസിനെയും ബേസില്‍ ജോസഫിനെയും അഭിമുഖം നടത്തുകയായിരുന്നു താരം.

തന്റെ മുത്തശ്ശി കോട്ടയംകാരിയാണ്. അതുകൊണ്ട് തന്നെ താന്‍ ഒരു ക്വാര്‍ട്ടര്‍ മലയാളിയാണെന്നും മിന്നല്‍ മുരളി സിനിമക്കായി കാത്തിരിക്കുന്നെന്നും താരം പറഞ്ഞു. ഭാവിയില്‍ ബേസില്‍ കഥയും കൊണ്ടുവരികയാണെങ്കില്‍ മിന്നല്‍ മുരളിയുടെ അടുത്ത ഭാഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു.

അഭിമുഖത്തില്‍ ജിയോ മാമിയുടെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്മൃതി കിരണും പങ്കെടുത്തിരുന്നു. ജിയോ മാമിയുടെ ചെയര്‍ പേഴ്സണാണ് പ്രിയങ്ക ചോപ്ര. ഡിസംബര്‍ 16 നാണ് മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നത്.

സംവിധായിക അഞ്ജലി മേനോന്‍, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്‍ഹാന്‍ അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്‍, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ് ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍.

നെറ്റ്ഫ്‌ലിക്‌സിലൂടെ ഡിസംബര്‍ 24ന് മിന്നല്‍ മുരളി റിലീസ് ചെയ്യുന്നത്.. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്‌മാന്‍, സുഷില്‍ ശ്യാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

I am also a quarter Malayalee, waiting for Minnal Murali Movie, Priyanka Chopra interviewing Basil and Tovino: Video