Advertisement
Daily News
നോട്ട് നിരോധനത്തിന് ശേഷമുണ്ടായ കാര്യങ്ങള്‍ അപമാനകരം; ആര്‍.ബി.ഐയടെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം മോശമായി: ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് ജീവനക്കാരുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 14, 05:21 am
Saturday, 14th January 2017, 10:51 am

urjith-patel

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുണ്ടായ സംഭവവികാസങ്ങള്‍ അപമാനകരമാണെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് ജീവനക്കാരുടെ കത്ത്.

നോട്ടുനിരോധനത്തിന് ശേഷമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തതിലെ പിടിപ്പുകേടിനെതിരെയും കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി കേന്ദ്രസര്‍ക്കാര്‍  ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയുമാണ് ജീവനക്കാരുടെ കത്ത്.

നോട്ടു നിരോധനത്തിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടുകൊണ്ട് ആര്‍.ബി.ഐയടെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധം മോശമായമെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കുകവഴി റിസര്‍വ് ബാങ്കിന്റെ പ്രതിച്ഛായയും സ്വയംഭരണവും നഷ്ടമായെന്നും കത്തില്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവര്‍ത്തനരീതിയിലെ പിടിപ്പുകേടുകൊണ്ട് ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശവും പ്രതിച്ഛായയും നഷ്ടമായി.  മാത്രമല്ല, കറന്‍സി മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തിനായി ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ നടപടി പ്രകടമായ കടന്നുകയറ്റമാണെന്നുമാണ് കത്തില്‍ പറയുന്നത്.

ജീവനക്കാരുടെ ദശകങ്ങളായുള്ള പ്രവൃത്തികളും വിവേക ബുദ്ധിയോടു കൂടിയ നയരൂപീകരണവും കൊണ്ട് ആര്‍.ബി.ഐ നേടിയെടുത്ത പ്രവര്‍ത്തന മികവും സ്വാതന്ത്ര്യവും വളരെക്കുറഞ്ഞ സമയം കൊണ്ടാണ് ഒന്നുമില്ലാതായത്. ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ വേദന തങ്ങള്‍ക്കുണ്ടെന്നും കത്തില്‍ ജീവനക്കാര്‍ പറയുന്നു.


1935 മുതല്‍ കറന്‍സി മാനേജ്‌മെന്റ് നടത്തുന്നത് ആര്‍.ബി.ഐ ആണ്. ഇതിന് ധനമന്ത്രാലയത്തിന്റെ സഹായം ആവശ്യമില്ല. അത് അംഗീകരിക്കാനാകാത്തതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്കിന്റെ 18,000ല്‍ അധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന നാല് സംഘടനകളാണു കത്തയച്ചിരിക്കുന്നത്.

വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും ജീവനക്കാര്‍ സഹിക്കുന്ന അപമാനം നീക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫിസേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് എഴുതിയ കത്തിനെക്കുറിച്ചു ജീവനക്കാരുടെ സംഘടനകളായ ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പ്രതിനിധി സമീര്‍ ഘോഷും ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധി സൂര്യകാന്ത് മഹാദിക്കും സ്ഥിരീകരിച്ചിട്ടുണ്ട്.