ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സ്റ്റാര്‍ പേസ് ബൗളര്‍ വരുണ്‍ ആരോണ്‍. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച 35 കാരനായ ഇന്ത്യന്‍ പേസര്‍ ഇപ്പോള്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം കൊണ്ട് 2011ല്‍ ദേശീയ ടീമില്‍ എത്താന്‍ വരുണിന് സാധിച്ചികുന്നു. അക്കാലത്ത് ഇതിഹാസ ബൗളര്‍മാരുടെ വേഗതയ്‌ക്കൊപ്പമെത്തിയ താരത്തിന് ഒരുപാട് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് താരം ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി പന്തെറിഞ്ഞ താരം നാല് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. മികച്ച ബൗളറായിരുന്നിട്ടും അവസരം ലഭിക്കാതെ വന്നപ്പോള്‍ ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഒതുങ്ങേണ്ടി വന്ന താരം കൂടിയാണ് വരുണ്‍.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടൂമുകള്‍ക്ക് വേണ്ടി ആരോണ്‍ മത്സരിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി ഒമ്പത് ടെസ്റ്റിലെ 11 ഇന്നിങ്‌സ് കളിച്ച വരുണ്‍ 18 വിക്കറ്റുകളാണ് വീഴ്ത്തിയത്. 3/97 എന്ന മികച്ച ബൗളിങ് പ്രകടനമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. 4.78 എക്കോണമിയും 52.61 ആവറേജുമാണ് താരത്തിന് ടെസ്റ്റിലുള്ളത്.
ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. മാത്രമല്ല ഐ.പി.എല്ലില്‍ 52 മത്സരങ്ങളില്‍ നിന്ന് 44 വിക്കറ്റുകളും താരം നേടി.
Content Highlight: Varun Aaron Retire In International Cricket