ന്യൂദൽഹി: തൊഴിലാളികൾ ഞാറാഴ്ചയടക്കം 90 മണിക്കൂർ ജോലിയെടുക്കണമെന്ന ലാർസൻ ആന്റ് ടു ബ്രോയുടെ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട. തന്റെ എക്സ് പോസ്റ്റിലൂടെയാണ് ജ്വാല വിമർശനം അറിയിച്ചത്.
എന്തുകൊണ്ട് ഒരു വ്യക്തിക്ക് തന്റെ ഭാര്യയെ നോക്കിയിരുന്നുകൂടാ? എന്തിന് അവർ ഞാറാഴ്ചകളിലും ജോലിക്ക് വരണം ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച ജ്വാല വിദ്യാസമ്പന്നരായിട്ട് പോലും മേലുദ്യോഗസ്ഥർക്ക് തൊഴിലാളികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുന്നില്ലെന്നും ചോദിച്ചു.
‘ഞാൻ ചോദിക്കുന്നത് ഇതാണ് എന്തുകൊണ്ട് ഒരു വ്യക്തിക്ക് അയാളുടെ ഭാര്യയെ നോക്കിയിരുന്നുകൂടാ? എന്തിന് അവർ ഞാറാഴ്ചകളിലും ജോലിക്ക് വരണം ? വിദ്യാസമ്പന്നരായ മേലുദ്യോഗസ്ഥർക്ക് തങ്ങളുടെ തൊഴിലാളികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഒട്ടും ചിന്തയില്ലാത്ത വളരെ ഖേദകരമാണ് . എന്തൊരു സ്ത്രീ വിരുദ്ധതയാണ് ഇദ്ദേഹം പറയുന്നത്. ഇത് വഴി അവർ സ്വയം അപഹാസ്യരാകുകയാണ് ചെയ്യുന്നത്,’ ജ്വാല കുറിച്ചു.
കമ്പനിയിലെ ജീവനക്കാരുമായുള്ള ആശയവിനിമയത്തിനിടെ ലാർസൻ ആന്റ് ടു ബ്രോയുടെ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ ജീവനക്കാരോട് ഞായറാഴ്ചകളിൽ കൂടി ജോലി ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ശനിയാഴ്ചകളിലുള്ള നിർബന്ധിത ജോലിയെക്കുറിച്ചുള്ള ജീവനക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഞാറാഴ്ച്ചയും ജോലി ചെയ്യുകയാണ് വേണ്ടതെന്ന് തൊഴിലാളികളോട് പറഞ്ഞത്.
തൻ്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി സുബ്രഹ്മണ്യൻ ഒരു ചൈനീസ് വ്യക്തിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചുള്ള കഥയും പങ്കുവെച്ചു.
അമേരിക്കക്കാർ 50 മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ അവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനീസ് തൊഴിലാളികൾ ആഴ്ചയിൽ 90 മണിക്കൂർ ചെലവഴിക്കുന്നു. അതിനാൽ ചൈനയ്ക്ക് ഉടൻ തന്നെ അമേരിക്കയെ മറികടക്കാൻ കഴിയുമെന്ന് ആ ചൈനീസ് വ്യക്തി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ പരാമർശത്തിന് പിന്നാലെ വലിയ തോതിൽ വിവാദം ഉയർന്നു.
തൊഴിലാളികളെ ഞായറാഴ്ചയും പണിയെടുപ്പിക്കാത്തതിൽ തനിക്ക് ദുഃഖമുണ്ടെന്നും എന്തിനാണ് ഞാറാഴ്ച്ചകളിൽ അവധിയെടുക്കുന്നതെന്നും 90 മണിക്കൂർ ജോലി ചെയ്യൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Content Highlight: “Why Shouldn’t He Stare At His Wife?”: Jwala Gutta Blasts L&T Chairman For ‘Misogynistic’ Remark