സിനിമയുള്‍പ്പെടെ എല്ലാ മേഖലയിലും സ്ത്രീകളെ രണ്ടാമതാക്കി നിര്‍ത്തുന്ന കാലത്ത് അതിനെ മാറ്റാന്‍ കൂടെ നിന്നത് ആ നടനാണ്: നിത്യ മേനന്‍
Entertainment
സിനിമയുള്‍പ്പെടെ എല്ലാ മേഖലയിലും സ്ത്രീകളെ രണ്ടാമതാക്കി നിര്‍ത്തുന്ന കാലത്ത് അതിനെ മാറ്റാന്‍ കൂടെ നിന്നത് ആ നടനാണ്: നിത്യ മേനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th January 2025, 5:39 pm

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നിത്യ മേനന്‍. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിച്ച നിത്യ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. 2021ല്‍ റിലീസായ തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നിത്യ സ്വന്തമാക്കി.

നിത്യ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതലിക്ക നേരമില്ലൈ. കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയം രവിയാണ് നായകന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിനെക്കുറിച്ച് പല ചര്‍ച്ചകളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

മറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നായികയായ നിത്യ മേനന്റെ പേരാണ് പോസ്റ്ററില്‍ ആദ്യം എഴുതിയിരിക്കുന്നത്. നിത്യയുടെ പേരിന് ശേഷമാണ് ജയം രവിയുടെ പേര് വന്നിരിക്കുന്നത്. നായികയുടെ പേര് ഇത്തരത്തില്‍ ആദ്യം വരുന്നത് ഇന്ത്യന്‍ സിനിമയില്‍ അത്ര കണ്ട് പരിചയമുള്ള കാര്യമല്ല. ജയം രവി ചെയ്തത് വളരെ നല്ലൊരു കാര്യമാണെന്ന് പറയുകയാണ് നിത്യ മേനന്‍.

സിനിമയില്‍ സ്ത്രീകളുടെ കഥാപാത്രം എത്ര പ്രാധാന്യമുള്ളതാണെങ്കിലും അവരുടെ പേര് എപ്പോഴും രണ്ടാമതായിട്ടേ വരാറുള്ളൂവെന്ന് നിത്യ മേനന്‍. സിനിമാ മേഖലയില്‍ മാത്രമല്ല ഇക്കാര്യമെന്നും എല്ലാ മേഖലയിലും ഇത്തരത്തില്‍ പാട്രിയാര്‍ക്കിയുണ്ടെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. അതിനെ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃതിക ഈ സിനിമയില്‍ അത്തരമൊരു നീക്കം ചെയ്തതെന്നും നിത്യ മേനന്‍ പറഞ്ഞു.

എന്നാല്‍ കൃതികയോട് ഈ നീക്കത്തോട് സഹകരിച്ച് അതിനൊപ്പം ജയം രവി എന്ന നടന്‍ നിന്നത് വലിയ കാര്യമാണെന്നും താനും ആ സ്റ്റേറ്റ്‌മെന്റിന്റെ ഒപ്പമാണെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. മറ്റൊരു നടനും ഇങ്ങനെയൊരു കാര്യം ചെയ്യുമോ എന്ന് തനിക്കറിയില്ലെന്നും നിത്യ മേനന്‍ പറഞ്ഞു. കാതലിക്ക നേരമില്ലൈയുടെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് നിത്യ ഇക്കാര്യം പറഞ്ഞത്.

‘ഈ പോസ്റ്റില്‍ നായികയുടെ പേര് ആദ്യം എഴുതിയത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് തന്നെയാണ്. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു കാര്യം അധികം കാണാന്‍ സാധ്യതയില്ല. ഏത് സിനിമയിലും അത്ര പ്രധാന്യമുള്ള സ്ത്രീ കഥാപാത്രമാണെങ്കിലും അവരുടെ പേര് രണ്ടാമതായിട്ടായിരിക്കും കാണിക്കുക. സിനിമയില്‍ മാത്രമല്ല, ബാക്കി എല്ലാ മേഖലയിലും ഈ പാട്രിയാര്‍ക്കി കാണാന്‍ സാധിക്കും.

അതിനെ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃതിക ഇത്തരമൊരു നീക്കം നടത്തിയത്. അതിനൊപ്പം ജയം രവി നില്‍ക്കുക എന്നതും വലിയൊരു കാര്യമാണ്. വേറെ ഏതെങ്കിലും നടന്‍ അങ്ങനെ ചെയ്യുമോ എന്ന് എനിക്കറിയില്ല. എന്തായാലും ജയം രവിയും ഈ സ്‌റ്റേറ്റ്‌മെന്റിന്റെ കൂടെയാണെന്ന് കണ്ടപ്പോള്‍ സന്തോഷം മാത്രം,’ നിത്യ മേനന്‍ പറഞ്ഞു.

Content Highlight: Nithya Menen praises Jayam Ravi and Kadhalikka Neramillai movie