കാരക്കാസ്: വെനസ്വേലന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാവ് മരിയ കൊരിന മച്ചാഡോയെ തട്ടിക്കൊണ്ട് പോയതായി പരാതി. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ കാരക്കാസിലെ തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് മരിയയെ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതെന്നാണ് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍കത്തകര്‍ ആരോപിക്കുന്നത്.
പ്രദേശത്തിന്റെ ചുമതലയുള്ള പ്രാദേശിക ഉദ്യോഗസ്ഥര്‍ തന്നെയാണ് തിരോധാനത്തിന് പിന്നിലെന്നാണ് മരിയയുടെ അനുയായികള്‍ ആരോപിച്ചത്. എന്നാല്‍ മരിയയെ തട്ടിക്കൊണ്ട് പോയി ഏതാനും മണിക്കൂറുകള്‍ക്കകം അവരെ വിട്ടയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ സുരക്ഷിതയാണെന്ന് അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.
‘ഞാന്‍ ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്താണ്. അവസാനം വരെ നിങ്ങളോടൊപ്പം തുടരാന്‍ മുന്‍പത്തെക്കാളും ഞാന്‍ ശക്തയാണ്. ഇന്ന് സംഭവിച്ചതും വരാനിരിക്കുന്നതും ഞാന്‍ നാളെ നിങ്ങളോട് പറയാം,’ മരിയ എക്‌സില്‍ കുറിച്ചു. അതേസമയം മരിയ വ്യാഴാഴ്ച റാലി കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോള്‍ അവളെ തടഞ്ഞ് നിര്‍ത്തി കടത്തിക്കൊണ്ട് പോവുകയായിരുന്നെന്നാണ് മരിയയുടെ പാര്‍ട്ടി വക്താക്കള്‍ പറയുന്നത്. അവളെ തട്ടിക്കൊണ്ട് പോയവര്‍ വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാന്‍ അവളെ നിര്‍ബന്ധിച്ചതായും അതിന് ശേഷം വിട്ടയക്കുകയായിരുന്നെന്നും അനുയായികള്‍ ആരോപിക്കുന്നു.
അതേസമയം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇന്നായിരുന്നു വെനസ്വേലയുടെ പ്രസിഡന്റായ നിക്കോളാസ് മഡുറോ മൂന്നാമതായും പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ഇതിന് മുന്നോടിയായി പുതിയ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയായിരുന്നു മരിയയും കൂട്ടരും.
അതേസമയം ഭരണകൂടത്തിന്റെ പ്രതിനിധികള്‍ തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ ഒരാള്‍ക്ക് വെടിയേറ്റുവെന്നും മരിയ പറയുന്നുണ്ട്. എന്നാല്‍ മരിയയെ മഡുറോ സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഫ്രെഡി നാനെസ അറിയിച്ചു. ആരും ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നും ഇത് പ്രതിപക്ഷത്തിന്റെ വൃത്തികെട്ട തന്ത്രത്തിന്റെ ഭാഗമാണെന്നാണ് മന്ത്രി പറഞ്ഞത്.
ജൂലായില്‍ നടന്ന നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 51.2% വോട്ടുകള്‍ നേടിയാണ് ഇടതുപക്ഷ നേതാവായ മഡുറോ മൂന്നാമതും അധികാരത്തില്‍ എത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് 44.2% വോട്ടുകളും നേടി.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ഗോണ്‍സാലസിന്റെ കൂട്ടാളികള്‍ മഡുറോക്കെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ വെനസ്വേലയുടെ പ്രസിഡന്റായി യു.എസ് ഔദ്യോഗികമായി അംഗീകരിച്ചത് ഗോണ്‍സാലസിനെ ആയിരുന്നു.
Content Highlight: Venezuelan opposition leader María Corina Machado kidnapped and then released opposition says