ഷാവേസിന്റെ നില അതീവ ഗുരുതരം: ലോകം പ്രാര്‍ത്ഥനയില്‍
World
ഷാവേസിന്റെ നില അതീവ ഗുരുതരം: ലോകം പ്രാര്‍ത്ഥനയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2013, 9:19 am

ഒരു ജനത മുഴുവന്‍ പ്രാര്‍ത്ഥിക്കുകയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഏറെ നാളായി അസുഖത്തോട് മല്ലിടുന്ന ഷാവേസ് തിരിച്ചെത്തുമെന്ന് തന്നെ ഉറപ്പിക്കുകയാണ് അവര്‍.[]

എന്നാല്‍ ഷാവേസിന്റെ മടങ്ങിവരവിനെക്കുറിച്ച് പറയുമ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഭരണകൂടത്തെയാണ് ഇന്ന് വെനസ്വേലയില്‍ കാണുന്നത്.

രോഗത്തോട് മല്ലിടുന്ന ഷാവേസിന്റെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു രാജ്യം തന്നെ ഷാവേസിനൊപ്പമുണ്ട്. അദ്ദേഹം മടങ്ങിവരണമെന്ന പ്രാര്‍ത്ഥനയില്‍ കഴിയുകയാണ് വെനസ്വേലന്‍ ജനത. രാജ്യം അദ്ദേഹത്തോടൊപ്പമുണ്ട്. പാവപ്പെട്ടവര്‍ക്കു വേണ്ടി ഷാവേസ് ജീവിതം സമര്‍പ്പിച്ചു.

ഇപ്പോള്‍ രാജ്യത്തിന്റെ നേതാവിന്റെ നില ഗുരുതരാവസ്ഥയിലാണ്. എല്ലാവരും ഷാവേസിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ പറയുന്നു.

14 വര്‍ഷമായി വെനിസ്വലയുടെ നേതൃപദവിയിലുള്ള ഷാവേസിനു ജൂണിലാണ് ശസ്ത്രക്രിയ നടത്തിയത്. ഏറെ നാളായി അദ്ദേഹം അര്‍ബുദ രോഗബാധിതനായിരുന്നു. അവസാനം നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഷാവേസിന് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നു.

ക്യൂബയിലെ ഹവാനയില്‍ ചികിത്സയിലായിരുന്ന ഷാവേസ് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ട്വിറ്ററിലൂടെ തന്റെ മടങ്ങി വരവ് ഷാവേസ് ജനങ്ങളെ അറിയിക്കുകയും ചെയ്തു.

ഞാന്‍ എന്റെ രാജ്യമായ വെനസ്വേലയില്‍ തിരിച്ചെത്തിയിരിക്കുന്നു. തിരിച്ചുവരവിന് കാരണമായ ദൈവത്തിനും എന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്കും നന്ദി. ഇനിയുള്ള ചികിത്സ ഇവിടെ തുടരും” ഇതായിരുന്നു ഷാവേസിന്റെ ട്വിറ്റര്‍ കുറിപ്പ്.

അടുത്ത ആറുവര്‍ഷത്തേക്കുകൂടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇദേഹം ഇക്കഴിഞ്ഞ ജനുവരി പത്തിനായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്.

2011 ജൂണിലാണ് തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് ഷാവേസ് പുറംലോകത്തോട് വെളിപ്പെടുത്തിയത്. പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ വൈസ് പ്രസിഡന്റ് നിക്കൊളാസ് മധുരൊയെ പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോടു നിര്‍ദേശിച്ചിട്ടാണ് അവസാനം ഷാവേസ് ക്യൂബയിലേക്ക് പോയത്.