കൊല്ലം തേവള്ളിയില്‍ മില്‍മയില്‍ ഒരു ഡ്രൈവറുടെ ഒഴിവ്, ഇന്റര്‍വ്യൂവിനെത്തിയത് ആയിരത്തിലേറെ പേര്‍; തിരക്ക് നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസ്
Kerala News
കൊല്ലം തേവള്ളിയില്‍ മില്‍മയില്‍ ഒരു ഡ്രൈവറുടെ ഒഴിവ്, ഇന്റര്‍വ്യൂവിനെത്തിയത് ആയിരത്തിലേറെ പേര്‍; തിരക്ക് നിയന്ത്രിക്കാന്‍ പാടുപെട്ട് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd August 2021, 3:22 pm

കൊല്ലം: തേവള്ളിയില്‍ മില്‍മ ഡയറിയുടെ ഡ്രൈവര്‍ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് നടന്ന അഭിമുഖത്തില്‍ വന്‍ തിരക്ക്. ആയിരങ്ങളാണ് ഇന്റര്‍വ്യൂവിനായി എത്തിയത്.

ഒരു ഒഴിവ് മാത്രമാണ് നിലവിലുള്ളതെന്നാണ് വിവരം. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ നിന്നടക്കമുള്ള ആളുകളാണ് അതിരാവിലെ മുതല്‍ ഇന്റര്‍വ്യൂവിനായി എത്തിയത്.

കഴിഞ്ഞ മാസം 28നാണ് പത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട് മില്‍മ പരസ്യം നല്‍കിയിരുന്നത്. എന്നാല്‍ പരസ്യത്തില്‍ എത്ര ഒഴിവുകളുണ്ടെന്ന വിവരം പറഞ്ഞിരുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

കൊവിഡ് സാഹചര്യത്തില്‍ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയവരുടെ നീണ്ട നിര റോഡിലേക്ക് നീങ്ങിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു.

സംഭവം വാര്‍ത്തയായതിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന ആക്ഷേപവുമുണ്ട്. ഒരു തസ്തികയിലേക്കാണ് ഒഴിവ് ഉണ്ടായിരുന്നതെന്ന് പരസ്യത്തില്‍ പറഞ്ഞിരുന്നില്ലെന്നും ശമ്പളത്തിന്റെ വിവരവും തസ്തിക ഒഴിവുണ്ട് എന്നും മാത്രമായിരുന്നു അതിലുണ്ടായിരുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

‘ഇപ്പോള്‍ മുന്നൂറ് പേരെ മാത്രമാണ് ഇന്റര്‍വ്യൂ ചെയ്യുന്നുള്ളുവെന്നും ബാക്കി ടോക്കണ്‍ നല്‍കാം എന്നുമാണ് ഇവര്‍ പറയുന്നത്. അത് എന്ന് വിളിക്കുമെന്ന് പറയാന്‍ കഴിയില്ല,’ ഒരു ഉദ്യോഗാര്‍ഥി മീഡിയാ വണ്‍ ചാനലിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlights: Huge rush in interview for the temporary vacancy for the driver position of Milma Diary