'വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, പ്രത്യേക കിടക്കകള്‍...'; സി.ബി.ഐ കസ്റ്റഡിയിലുള്ള കൊച്ചാര്‍ ദമ്പതികള്‍ക്ക് വി.ഐ.പി സൗകര്യം
national news
'വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, പ്രത്യേക കിടക്കകള്‍...'; സി.ബി.ഐ കസ്റ്റഡിയിലുള്ള കൊച്ചാര്‍ ദമ്പതികള്‍ക്ക് വി.ഐ.പി സൗകര്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th December 2022, 9:12 pm

മുംബൈ: വായ്പ തട്ടിപ്പ് കേസില്‍ സി.ബി.ഐ കസ്റ്റഡിയിലുള്ള ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വിഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ദൂത് എന്നിവര്‍ക്ക് വി.ഐ.പി സൗകര്യമൊരുക്കാന്‍ സി.ബി.ഐ കോടതി അനുമതി.

പ്രതികള്‍ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി അനുമതി തേടിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. ഒരു കസേര, പ്രത്യേക കിടക്കകള്‍, തലയണകള്‍, തൂവാലകള്‍, പുതപ്പുകള്‍, ബെഡ് ഷീറ്റുകള്‍ എന്നിവ ഉപയോഗിക്കാനാണ് കൊച്ചാറും ദൂതും അനുമതി തേടിയത്.

സ്വന്തം ചെലവില്‍ ഇവ ഉപയോഗിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും മരുന്നുകളും കഴിക്കാനും ഇവര്‍ക്ക് അനുവാദമുണ്ട്.

പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി മൂവരെയും ഡിസംബര്‍ 28വരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതുവരെ എല്ലാ ദിവസവും ഒരു മണിക്കൂര്‍ അഭിഭാഷകരുടെ സഹായം തേടാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.

കസ്റ്റഡിയില്‍ ആവശ്യമുള്ളപ്പോള്‍ ഇന്‍സുലിന്‍ എടുക്കാന്‍ ദൂതിനെ സഹായിക്കാന്‍ ഒരു പരിചാരകനെ അനുവദിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദൂതിനെ തിങ്കളാഴ്ച രാവിലെ മുംബൈയില്‍ നിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കൊച്ചാര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തത്.

2019ലെ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചനക്കാണ് അറസ്റ്റ്.

ചന്ദ കൊച്ചാര്‍ മേധാവിയായിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നിയമങ്ങളും റിസര്‍വ് ബാങ്ക് ചട്ടങ്ങളും ലംഘിച്ച് വിഡിയോകോണ്‍ കമ്പനിക്ക് പല ഘട്ടങ്ങളിലായി 3,250 കോടി രൂപയോളം വായ്പ അനുവദിച്ചെന്നും ഇതിനുപുറകെ വിഡിയോകോണ്‍ ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിക്ക് 64 കോടി രൂപ നല്‍കിയെന്നുമാണ് ആരോപണം.

Content Highlight: ‘Homley meals, special beds…’; VIP facility for Kochhar couple in CBI custody