കൊല്ലം: കൊല്ലം മണ്‍റോത്തുരുത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ പട്ടംതുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച അശോകന്‍ മണിലാലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താലാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. എല്‍.ഡി.എഫ് ഓഫീസിലിരുന്ന മണിലാലിനെ അശോകന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതൊരു രാഷ്ട്രീയകൊലപാതകമല്ലെന്നും മദ്യപിച്ച് വഴക്കുണ്ടായതിനെത്തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. ഒളിവില്‍ പോയ അശോകനെ രാത്രി വൈകിയാണ് പൊലീസ് പിടികൂടിയത്.
സംഭവം നടന്ന കനറാബാങ്ക് കവലയില്‍ നാട്ടുകാര്‍ കൂടിനിന്ന് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുകയായിരുന്നെന്നും മദ്യപിച്ചെത്തിയ അശോകന്‍ അസഭ്യവര്‍ഷം നടത്തിയപ്പോള്‍ മണിലാല്‍ കയര്‍ത്തുവെന്നും പൊലീസ് പറയുന്നു. അവിടെ നിന്നും നടന്നുപോയ മണിലാലിനെ പിന്നില്‍ നിന്നെത്തി അശോകന്‍ കുത്തുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അശോകന്‍ അടുത്തിടെയാണ് ദല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക