ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലിറങ്ങിയ മികച്ച ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഹോം. അതിലുപരി, കഴിഞ്ഞ കുറച്ച് നാളുകളായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ ഞെട്ടിക്കുന്ന ഇന്ദ്രന്‍സ് എന്ന നടന്‍ നായകനായെത്തി, കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ച സിനിമ കൂടിയാണ് ഹോം.
കരച്ചിലും ചിരിയും നൊസ്റ്റാള്‍ജിയയും വീടിനെപ്പറ്റിയുള്ള ഓര്‍മകളും വന്നുനിറയാതെ ഹോം കണ്ടിരിക്കാനാവില്ല. ‘ഐ ആം ഇംപെര്‍ഫെക്ട് ഇന്‍ മൈ ഹോം’ എന്ന ഈ സിനിമയിലെ ഒരു ഡയലോഗ് വീട് എന്ന സ്പേസിനെ കുറിച്ച് ഒരുപാട് പേര്‍ക്കെങ്കിലുമുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും മെല്ലെ ഓര്‍മ്മപ്പെടുത്തുന്നതാണ്.
ജനറേഷന്‍ ഗ്യാപ്പ്, സാങ്കേതികവിദ്യയുടെ പുരോഗതി, ചെറുപ്പക്കാരായ മക്കളും പ്രായമേറുന്ന മാതാപിതാക്കളും തമ്മിലുണ്ടാകുന്ന അകലം, മറ്റുള്ള ആരെ അംഗീകരിച്ചാലും സ്വന്തം മാതാപിതാക്കളോട് മാത്രം തോന്നുന്ന ഒരുതരം ദൂരം ഇവയെല്ലാം നമുക്ക് പരിചിതമായ കഥാസന്ദര്‍ഭങ്ങളിലൂടെ ഹോം കാണിച്ചുതരുന്നുണ്ട്.
ഇന്നത്തെ കാലത്ത് ജനറേഷന്‍ ഗ്യാപ്പിന്റെ ഏറ്റവും വലിയ ഉദാഹരണം സ്മാര്‍ട്ഫോണുകളും സോഷ്യല്‍ മീഡിയയുമാണ്. അച്ഛനും അമ്മയും ഫോണ്‍ ഉപയോഗിക്കുന്നതും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതും പഠിപ്പിച്ചുതരാന്‍ ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ അതിനോട് നടത്തുന്ന പല രീതിയിലുള്ള പ്രതികരണങ്ങള്‍ സിനിമ കാണുന്ന സമയത്ത് മനസിലെത്തും.
പഴഞ്ചനായി പോകാതിരിക്കുക, മക്കളുമായി കൂടുതല്‍ കണക്ട് ചെയ്യാന്‍ അവരുടെ ലോകത്തിലേക്ക് കൂടി കടന്നുചെല്ലുക എന്നിങ്ങനെ മധ്യവയസ്‌കരായ മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന ഒരുപിടി കാര്യങ്ങള്‍ ഈ ഫോണ്‍ പഠിക്കാനുള്ള ശ്രമത്തിന് പിന്നിലുണ്ടെന്ന് കൂടിയാണ് ഹോം കാണിച്ചുതരുന്നത്.
അച്ഛനോ അമ്മയോ ഫോണെടുക്കണം എന്ന് പറയുമ്പോഴുള്ള മക്കളുടെ പുച്ഛം, അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും പഠിപ്പിച്ചു കൊടുക്കാനുള്ള മടി, അതൊന്നും നിങ്ങള്‍ക്ക് മനസിലാകില്ലെന്നുള്ള സ്ഥിരം ഡയലോഗ്, പിന്നീട് എപ്പോഴെങ്കിലും അവര്‍ക്കത് പറഞ്ഞുകൊടുക്കുന്നത്, ഇതെല്ലാം അതേപടി ഹോമില്‍ കാണാം.
സംവിധായകന്‍ റോജിന്‍ തോമസിന്റെ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏടുകളാണോ ഇതെല്ലാമെന്ന് പ്രേക്ഷകന് സംശയം തോന്നിയേക്കാം. ഇക്കാര്യങ്ങളെല്ലാം ഒരു ഉപദേശിപ്പടം മൂഡിലല്ല, ചെറുതമാശകള്‍ കോര്‍ത്തിണക്കിയ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം പറയുന്നത്.
ഹോമിന്റെ നെടുംതൂണ്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഒലിവര്‍ ട്വിസ്റ്റാണ്. ഈ പേരിന് പിന്നിലെ കഥ സിനിമയില്‍ തന്നെ ഒരു സ്ഥലത്ത് പറയുന്നുണ്ട്, അതുകൊണ്ട് ഇവിടെ പറയുന്നില്ല. നമുക്ക് ഏറെ പരിചയമുള്ള മനുഷ്യനാണ് ഒലിവര്‍. വളരെ സാധുവും സാധാരണക്കാരനുമായ ഒരാള്‍. എക്‌സ്ട്രാ ഓര്‍ഡിനറി കാര്യങ്ങളൊന്നും ജീവിതത്തില്‍ ചെയ്യാത്തതുകൊണ്ട് ആത്മകഥയെഴുതാന്‍ പോയാല്‍ അരപേജ് പോലും എത്തില്ലല്ലോയെന്ന് മക്കള്‍ വരെ കളിയാക്കുന്ന ഒരാള്‍.
‘ഇന്ദ്രന്‍സ് എന്തൊരു നടനാണ്’ എന്ന് തോന്നിപ്പിക്കും വിധം അത്രയും മനോഹരമായാണ് ഒലിവര്‍ ട്വിസ്റ്റിനെ അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നത്. മക്കളോടും കുടംബത്തോടുമുള്ള സ്‌നേഹവും മകന്റെ നേട്ടത്തില്‍ തോന്നുന്ന അഭിമാനവും പിന്നീട് മകന്‍ പറയുന്ന ചില വാക്കുകള്‍ സൃഷ്ടിക്കുന്ന സങ്കടവും അപകര്‍ഷതാബോധവും, അവസാനം മറ്റുള്ളവര്‍ തന്നെ മനസിലാക്കുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ തോന്നുന്ന സന്തോഷവുമൊക്കെ ഇത്രയും സ്വാഭാവികമായി എങ്ങനെയാണ് ഒരു നടന് അവതരിപ്പിക്കാന്‍ കഴിയുന്നതെന്ന് സിനിമ കണ്ടു കഴിയുമ്പോള്‍ നമ്മള്‍ ആലോചിച്ചുപോകും.
ഒലിവറിനൊപ്പം പ്രേക്ഷകനെ കൊണ്ടുപോകുന്നതും അയാള്‍ കണ്ണുനിറയാതെ പിടിച്ചുനിന്നാലും അയാള്‍ക്കുവേണ്ടി കരയാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതുമെല്ലാം, തിരക്കഥയ്ക്കും കഥാപാത്രസൃഷ്ടിക്കുമൊപ്പമോ അതിനൊരുപടി മുകളിലോ ആയി, ഇന്ദ്രന്‍സ് എന്ന നടന്‍ തന്നെയാണ്.
സിനിമയിലെ അവസാനരംഗങ്ങള്‍ ആനന്ദാശ്രുക്കളും കണ്ടുപഴകിയ ഫോര്‍മാറ്റുകളും കൊണ്ട് മെലോഡ്രാമയിലേക്ക് വഴുതാന്‍ തുടങ്ങുമ്പോള്‍ രക്ഷകനായെത്തുന്നതും ഇന്ദ്രന്‍സ് തന്നെയാണ്. ഡയലോഗുകളൊന്നുമില്ലാതെ സൂക്ഷ്മമായ ഭാവങ്ങള്‍കൊണ്ട് അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍ എല്ലാ നാടകീയതയകളെയും മറന്ന് സിനിമയില്‍ ഉള്‍ച്ചേര്‍ന്ന് ആസ്വദിക്കാന്‍ പ്രേക്ഷകന് തുണയാകും.
സങ്കടം അടക്കിപ്പിടിച്ച് വീടിന്റെ ഗേറ്റിനരികിലേക്ക് നീങ്ങുന്നതും, അവസാന രംഗങ്ങളും, മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നിറങ്ങുന്ന ഭാഗവും തുടങ്ങി മനസില്‍ തൊട്ട ‘ഇന്ദ്രന്‍സ് നിമിഷങ്ങള്‍’ ഏറെയായിരുന്നു.
മലയാള സിനിമ യുവ നടന്മാരില്‍ നിന്നും സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും മാറി നടക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് അടുത്ത കാലത്ത് വന്ന നിരവധി ചിത്രങ്ങള്‍ സൂചിപ്പിച്ചിരുന്നു. കുരുതിയിലെ മാമുക്കോയയുടെ മൂസ ഖാദര്‍ അതിന്റെ ഉദാഹരണമായിരുന്നു.
ഒരു തരത്തില്‍ നോക്കിയാല്‍ മാമുക്കോയ കേന്ദ്ര കഥാപാത്രമായെത്തി എന്ന് പറയാവുന്ന കുരുതിയില്‍ പക്ഷെ, സിനിമയുടെ നായകരെന്ന നിലയില്‍ പ്രൊജക്ട് ചെയ്യപ്പെട്ടത് റോഷനും പൃഥ്വിരാജുമായിരുന്നെങ്കില്‍, ഹോമില്‍ അങ്ങനെയൊരു രീതി പിന്തുടര്‍ന്നിട്ടില്ല. തുടക്കം മുതല്‍ അവസാനം വരെ ഹോം ഇന്ദ്രന്‍സിന്റെ, ഒലിവര്‍ ട്വിസ്റ്റിന്റെ കഥയാണ്.
ചിത്രത്തില്‍ ഇന്ദ്രന്‍സിലേക്കാണ് മുഴുവന്‍ ശ്രദ്ധയും പോകുന്നതെങ്കിലും മറ്റ് അഭിനേതാക്കളെല്ലാം മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. ആഴത്തില്‍ പഠിച്ചുകൊണ്ടു തന്നെയാണ് ഹോമിലെ ഓരോ കഥാപാത്രങ്ങളെയും വാര്‍ത്തെടുത്തിരിക്കുന്നത്.
മഞ്ജു പിള്ളയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും കുട്ടിയമ്മ. തണ്ണീര്‍മത്തനിലെ നെല്‍സണില്‍ നിന്ന് കുരുതിയിലെ റസൂലിലെത്തി ഇപ്പോള്‍ ഹോമിലെ ചാള്‍സിലെത്തുമ്പോള്‍ മലയാളസിനിമയിലെ മികച്ച നടന്മാരുടെ കൂട്ടത്തിലേക്ക് നസ്‌ലന്‍ ഉയരുന്നുണ്ട്.
കോമഡി വേഷങ്ങള്‍ തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ജോണി ആന്റണി ഒരിക്കല്‍ കൂടി തെളിയിച്ചു. ആദ്യ പടം ഹിറ്റായതിന് ശേഷം പിന്നെ റൈറ്റേഴ്‌സ് ബ്ലോക്ക് നേരിടുന്ന യുവസംവിധായകനായ, ഒലിവര്‍ ട്വിസ്റ്റിന്റെ മൂത്ത മകന്‍ ആന്റണിയായി ശ്രീനാഥ് ഭാസിയും മികച്ചുനില്‍ക്കുന്നുണ്ട്. കരിക്ക് ഫ്‌ളിക്കിലെ സീരിസിലൂടെ സുപരിചിതയായ ദീപ തോമസാണ് ആന്റണിയുടെ കാമുകിയായ പ്രിയയായി എത്തുന്നത്.
ഒലിവര്‍ ട്വിസ്റ്റെന്ന കഥാപാത്രവും അയാളുടെ വയസ്സായ അച്ഛനും തമ്മിലുള്ള ബന്ധവുമാണ് ചിത്രത്തില്‍ ഏറ്റവും ആഴത്തിലും സൂക്ഷ്മവുമായി അവതരിപ്പിച്ചിരിക്കുന്നതായി തോന്നിയത്. വീണ്ടുമൊരിക്കല്‍ കൂടി കാണുമ്പോള്‍ ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്നതും ഇതേ കാര്യം തന്നെയാണ്.
ചില ഇംഗ്ലിഷ് വാചകങ്ങള്‍ മാത്രമാണ് ഈ അപ്പാപ്പന്‍ കഥാപാത്രം ചിത്രത്തിലുടനീളം സംസാരിക്കുന്നത്, ഒരൊറ്റ സന്ദര്‍ഭത്തിലൊരികെ. മക്കള്‍ക്ക് ഒലിവര്‍ ട്വിസ്റ്റ്, പീറ്റര്‍ പാന്‍, മേരി പോപ്പിന്‍സ് എന്ന് പേരിട്ട ഈ മനുഷ്യനെ കുറിച്ച് കൂടുതലറിയാന്‍ തീര്‍ച്ചയായും താല്‍പര്യം തോന്നും.
ഹോം എന്ന സിനിമയിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിക്കുന്ന ആശയമെന്താണെന്ന് ടൈറ്റില്‍ മുതല്‍ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ട്. സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രത്യേകിച്ച് വിജയ് ബാബുവിന്റെ കഥാപാത്രത്തിലൂടെ അത് ആഹ്വാന രൂപത്തില്‍ പറയുന്നുണ്ട്. മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും മനുഷ്യരെ സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്നും എങ്ങനെയാണ് ഡിസ്‌കണക്ട് ചെയ്യുന്നതെന്നും അത് ഉപേക്ഷിക്കലോ ഉപയോഗം കുറക്കലോ ആണ് നമ്മളെല്ലാവരും ചെയ്യേണ്ടതെന്നുമാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്.
പക്ഷെ ഈ ഒരു ഉപദേശത്തിന് മുകളില്‍, വ്യക്തികളും പ്രായവും ബന്ധവും മനുഷ്യന്റെ ഉള്ളിലെ വികാരങ്ങളും സ്‌നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനുമുള്ള ആഗ്രഹവുമൊക്കെ സിനിമ പതിയെ പതിയെ കാണിച്ചുതരുന്നുണ്ട്.
സ്വാഭാവികമായ ആ ഒഴുക്കിനെയും ആഴങ്ങളെയും തടസ്സപ്പെടുത്തും വിധം ‘ഫോണും സോഷ്യല്‍ മീഡിയയുമാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം’ എന്ന സിനിമയുടെ പ്രഖ്യാപിതലക്ഷ്യം ആവര്‍ത്തിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത് കഥയുടെ ശക്തിയെ കുറക്കുകയാണ്. ഇതൊക്കെ കൂടി സൃഷ്ടിക്കുന്ന ബോറടികള്‍ ഹോം രണ്ടേ മുക്കാല്‍ മണിക്കൂര്‍ സമയമെടുത്ത് ചെയ്യേണ്ട സിനിമയായിരുന്നോയെന്ന് ഇടക്കൊക്കെ ചിന്തിപ്പിക്കും.
അതേസമയം സിനിമയില്‍ കൗതുകകരമായി തോന്നിയ ചില കാര്യങ്ങളുണ്ടായിരുന്നു. റോജിന്റെ മുന്‍ സിനിമകളെ പോലെ വീടിനും ഇന്റിരീയര്‍ വര്‍ക്കിനും വലിയ പ്രാധാന്യമാണ് ഹോമിലും നല്‍കിയിരിക്കുന്നത്. മങ്കിപ്പെന്നിലെയും ജോ ആന്റ് ദ ബോയിലെയുമൊക്കെ വീടുകള്‍ നമ്മളെ കൊതിപ്പിച്ചതുപോലെ ഹോമിലെ വീടും കൊതിപ്പിക്കും. അങ്ങനെ ഒരു വീട്ടില്‍ താമസിക്കണം, അല്ലെങ്കില്‍ ഇപ്പോഴുള്ള വീട്ടില്‍ അത്തരം മാറ്റങ്ങള്‍ വരുത്തണമെന്നെങ്കിലും തോന്നിപ്പിക്കും.
സ്വന്തം മക്കളല്ലാത്തവരും പപ്പ, ഡാഡി, മമ്മി, അമ്മ എന്നിങ്ങനെ കഥപാത്രങ്ങളെ വിളിക്കുന്നതും രസകരമായിരുന്നു. ബന്ധങ്ങളുടെ ഇഴയടുപ്പം വ്യക്തമാക്കുന്നതായിരുന്നു ഈ വിളികള്‍. കുട്ടിയമ്മ എന്ന വിളിയും സുന്ദരമായിരുന്നു. പ്രണയബന്ധത്തെ ഇരുവീട്ടുകാരും സ്വാഭാവികമായി സ്വീകരിക്കുന്നതും ഇതുപോലെ തന്നെ മനോഹരമായ കാഴ്ചയായിരുന്നു.
സിനിമയിലെ വിജയ് ബാബുവിന്റെ സൈക്കോളജിസ്റ്റ് കഥാപാത്രവും ഒലിവര്‍ ട്വിസ്റ്റും ചേര്‍ന്ന് മെന്റല്‍ ഹെല്‍ത്തിനെയും മാനസികമായി പ്രയാസം നേരിടുമ്പോള്‍ മെഡിക്കല്‍ ഹെല്‍പ് തേടുന്നതിനെയും നോര്‍മലൈസ് ചെയ്തിരിക്കുന്നതും എടുത്തുപറയേണ്ടതാണ്.
പഴയ തലമുറയിലും പുതിയ തലമുറയിലുമൊക്കെ മെന്റല്‍ ഹെല്‍ത്തിനെ ഭ്രാന്ത് എന്ന ഒരൊറ്റ ലേബലില്‍ സ്റ്റിഗ്മയോടെ കാണുന്നതിനെ സിനിമ കൃത്യമായി വിമര്‍ശിക്കുന്നുണ്ട്. അതിനെ എങ്ങനെയാണ് കാണേണ്ടതെന്നും കുറെയൊക്കെ വ്യക്തമായി പറയുന്നുണ്ട്.
റോജിന്‍ തോമസിന്റെ സിനിമകളില്‍ കേന്ദ്ര കഥാപാത്രങ്ങളുടെ പ്രായപരിധിയും പ്രൊഫഷനുമൊക്കെ സിനിമക്ക് പുതുമ നല്‍കുന്ന ഘടകങ്ങളാകാറുണ്ട്. ഹോമില്‍ ഒലിവര്‍ ട്വിസ്റ്റെന്ന സാധാരണക്കാരനായ, അമ്പത് വയസിലേറെ പ്രായമുള്ള ഒരു കുടുംബനാഥന്‍ നായകനാകുന്നു, മങ്കിപെന്നില്‍ അത് ഒരു ഒന്‍പത് വയസുകാരനായിരുന്നു. ജോ ആന്റ് ദ ബോയില്‍ അത് ആനിമേറ്ററായ യുവതിയായിരുന്നു.
സിനിമ അധികം ശ്രദ്ധിക്കാതെ പോകുന്ന ഇവരുടെ ജീവിതങ്ങള്‍ കഥയുടെ കേന്ദ്രമാക്കാന്‍ റോജിന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്നുണ്ടെന്നാണ് ഈ മൂന്ന് ചിത്രങ്ങളും വ്യക്തമാക്കുന്നത്.
ഹോം മെലോഡ്രാമയല്ലേ എന്ന് ഇടക്ക് തോന്നിപ്പിച്ചാല്‍ പോലും വളരെ റിലാക്‌സായി ഇഷ്ടത്തോടെ കണ്ടിരിക്കാന്‍ സാധിക്കുന്ന ചിത്രമാണ് ഹോം. ഇനി കഥയോടോ മേക്കിങ്ങിനോടോ എന്തെങ്കിലും ഇഷ്ടക്കുറവ് തോന്നിയാല്‍ പോലും ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റിനെ കാണാന്‍ വേണ്ടി മാത്രം ഈ ചിത്രം കണ്ടിരിക്കാം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Home Malayalam Movie Review