മലയാളത്തിലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷനില്‍ പുതിയൊരു പാത തന്നെ വെട്ടിത്തെളിച്ച ചാനലാണ് കരിക്ക്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയിയുള്ള തേരാപാര എന്ന വെബ് സീരിസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടക്കകാലത്ത് കണ്ടന്റിലെ ക്വാളിറ്റിയാണ് കരിക്കിനെ വേര്‍തിരിച്ച് നിര്‍ത്തിയതെങ്കില്‍ ഇപ്പോള്‍ പ്രൊഡക്ഷനിലും അവര്‍ ബഹുദൂരം മുന്നിലേക്ക് എത്തിയിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സാമര്‍ത്ഥ്യ ശാസ്ത്രം എന്ന വെബ് സീരിസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. തട്ടിപ്പിനെ പ്രധാനപ്രമേയമാക്കിയ സീരിസില്‍ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നത് ശബരീഷും കൃഷ്ണ ചന്ദ്രനുമാണ്. വേണു എന്ന കഥാപാത്രത്തിലൂടെ കൃഷ്ണ ചന്ദ്രനായിരുന്നു ആദ്യം ചര്‍ച്ചയായത്. 24 കാരനായ കൃഷ്ണ ചന്ദ്രന്റെ കുടുംബസ്ഥനായ, 35ലധികം പ്രായം തോന്നിക്കുന്ന വേണുവായുള്ള പ്രകടനം ഗംഭീരമായിരുന്നു.
സീരിസിന്റെ അവസാന എപ്പിസോഡിലാണ് ശബരീഷ് ശ്രദ്ധേയമായ പ്രകടനം നടത്തിയത്. തേരാപാര മുതലുള്ള സീരിസുകളില്‍ ഹ്യൂമര്‍ വേഷങ്ങളിലാണ് സാധാരണ ശബരീഷ് വന്നിട്ടുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായി സൗമ്യനായ ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു കഥാപാത്രമായിരുന്നു സാമര്‍ത്ഥ്യ ശാസ്ത്രത്തിലേത്. ആ മാറ്റം ശരിക്കും പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ്. പാളിപ്പോയേക്കും എന്ന് വിചാരിച്ച റൊമാന്റിക് പോഷന്‍സിലും ശബരീഷ് മികച്ച് നിന്നു. ഷോട്ട് എക്‌സിക്യൂട്ട് ചെയ്തിരിക്കുന്ന രീതിയും ഇതില്‍ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
മുമ്പ് കരിക്കിന്റെ തന്നെ കരിക്ക് ഫ്‌ളിക്ക് എന്ന ചാനലില്‍ ശബരീഷ് അഭിനയിച്ച ഒരു റൊമാന്റിക് പാട്ട് പാളിപ്പോയ ഒന്നായി തോന്നിയിരുന്നു. ഈ പാട്ടിലെ റൊമാന്റക് പോഷന്‍സില്‍ പതറിപ്പോവുന്ന ശബരീഷിനെ കണ്ടപ്പോള്‍ ഇത് ഇദ്ദേഹത്തിന്റെ ഏരിയ അല്ലെന്ന് തോന്നിയിരുന്നു. എന്നാല്‍ സാമര്‍ത്ഥ്യ ശാസ്ത്രത്തിലൂടെ ആ ആശങ്ക അസ്ഥാനത്താണെന്ന് ശബരീഷ് തെളിയിച്ചു. നല്ലൊരു സംവിധായകന്റെ കയ്യില്‍ കിട്ടിയാല്‍ ഹാസ്യത്തിന് പുറമേ മറ്റ് വേഷങ്ങളില്‍ തിളങ്ങാനുള്ള കാലിബര്‍ ശബരീഷിനുണ്ട്.
ഇതുവരെയുള്ള കരിക്കിന്റെ സീരിസുകളും വീഡിയോകളും നോക്കിയാല്‍ ശബരീഷിനെ പോലെയും വേണുവിനെ പോലെയും പല താരങ്ങളും തിളങ്ങി നിന്നതായി കാണാനാവും. തേരാപാരയുടെ തുടക്കകാലത്ത് ശബരീഷിന്റെ ലോലനായിരുന്നു ഇത്തരത്തില്‍ ആദ്യം ഹിറ്റായ കഥാപാത്രം. എന്നാല്‍ പതുക്കെ ആ ലീഗിലേക്ക് അനു കെ. അനിയന്റെ ജോര്‍ജും ഇടിച്ചു കയറി. പിന്നീട് കിട്ടുന്ന ഏത് കഥാപാത്രങ്ങളും ഏറ്റവും ഗംഭീരമാക്കുന്ന ജോര്‍ജിന് ഇന്ന് കരിക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഡിമാന്‍ഡ് തന്നെയുണ്ട്. സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ അവസാനം വരെ അനു കെ. അനിയന്റെ സര്‍പ്രൈസ് എന്‍ട്രി പ്രതീക്ഷിച്ച പ്രേക്ഷകര്‍ നിരവധിയാണ്. ഇന്നും ഇവരെ ശബരീഷെന്നും അനുവെന്നും വിളിക്കാതെ ലോലനെന്നും ജോര്‍ജെന്നും പ്രേക്ഷകര്‍ വിളിക്കുന്നുണ്ടെങ്കില്‍ അത് ആ കഥാപാത്രങ്ങളുടെ സ്വാധീനം തന്നെയാണ്.
ഓണ സദ്യ, അറേഞ്ച്ഡ് കല്യാണം എന്നീ വീഡിയോകളിലൂടെ കൃഷ്ണ ചന്ദ്രനാണ് പിന്നെ ശ്രദ്ധ നേടിയത്. ഓണ സദ്യ വീഡിയോയില്‍ മാവേലിയായി വന്ന കൃഷ്ണ ചന്ദ്രനെ ബോലോതാരാര എന്നാണ് പിന്നീട് പ്രേക്ഷകര്‍ വിളിച്ചത്. അറേഞ്ച്ഡ് കല്യാണം എന്ന വീഡിയോയെക്കാളും അറിയപ്പെട്ടത് കൃഷ്ണ ചന്ദ്രന്റെ സുര നമ്പൂതിരിയും അനുവിന്റെ ബാബു നമ്പൂതിരിയുമായിരുന്നു.
സ്‌മൈല്‍ പ്ലീസ് എന്ന വീഡിയോയില്‍ അര്‍ജുന്‍ രത്തനാണ് സ്‌കോര്‍ ചെയ്തത്. വീഡിയോയിലെ മാമനോട് ഒന്നും തോന്നല്ലേ എന്ന അര്‍ജുന്റെ ഡയലോഗും മാനറിസങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നീട് വന്ന ഉല്‍ക്കയില്‍ ഏറ്റവും തിളങ്ങിയത് ജീവന്റെ മലാക്കായിരുന്നു. നോട്ടത്തില്‍ പോലും പേടിപ്പെടുത്തുന്ന ജീവന്റെ വില്ലനായുള്ള പകര്‍ന്നാട്ടം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. ഉല്‍ക്കയില്‍ നൗഷാദ് വാവയായെത്തിയ അര്‍ജുനും കല്ലുമാത്താനായി അനുവും പെര്‍ഫോമന്‍സില്‍ എടുത്തുനിന്നു.
കരിക്ക് ഫ്‌ളിക്ക് ചാനലിലൂടെ പുറത്ത് വന്ന ജബ്‌ലയിലൂടെയാണ് കിരണ്‍ വിയ്യത്തിന് ഒരു നോട്ടബിള്‍ കഥാപാത്രം ഉണ്ടാകുന്നത്. അതുവരെ കോമഡി ലൈന്‍ പിടിച്ചുള്ള, വെല്ലുവിളി ഉയര്‍ത്താത്ത തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു അദ്ദേഹം അവതരിപ്പിച്ചുകൊണ്ടിരുന്നത്. ജെറിന്‍ എന്ന കഥാപാത്രത്തിന്റെ ഫ്രസ്‌ട്രേഷനും ആശങ്കയും കുറ്റബോധവും സ്‌ന്തോഷവുമെല്ലാം മനോഹരമായി തന്നെ കിരണ്‍ അവതരിപ്പിച്ചു.
ഈ പറഞ്ഞവരെല്ലാം പല സമയങ്ങളില്‍ നല്ല മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളവരാണ്. പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായതോ പ്രേക്ഷക പ്രശംസ ഏറ്റവുമധികം പിടിച്ചുപറ്റിയതുമായ കഥാപാത്രങ്ങളാണ് പറഞ്ഞത്. ഇവരില്‍ നിന്നും ഇനിയും കൂടുതല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം.