മുംബൈയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞ് ഹിന്ദുത്വവാദികള്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
national news
മുംബൈയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞ് ഹിന്ദുത്വവാദികള്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th December 2024, 4:31 pm

മുംബൈ: മുംബൈ കാഷിമിറ മേഖലയില്‍ ഹിന്ദുത്വവാദികള്‍ ക്രിസ്മസ് ആഘോഷം തടയുന്ന വീഡിയോ പുറത്ത്. ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്‍ വരികയും ആഘോഷം തടയുകയുമായിരുന്നു.

ഒരു കൂട്ടം ആളുകള്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷ സ്ഥലത്തേക്ക് എത്തുകയും ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് വിളിച്ച് പറഞ്ഞ് ജയ്ശ്രീ റാമും ഹനുമാന്‍ ചാലിസയും വിളിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നത്.

സമാനമായ നിരവധി സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാന്റക്ലോസിന്റെ വേഷമിട്ട് ഭക്ഷണം ഡെലിവറി ചെയ്യാന്‍ പോയ സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

സൊമാറ്റോ ജീവനക്കാരനോട് വസ്ത്രം അഴിച്ച് മാറ്റാന്‍ നിര്‍ബന്ധിക്കുകയും എന്തുകൊണ്ടാണ് ശ്രീരാമന്റെ വേഷമോ കാവി വസ്ത്രമോ ധരിക്കാത്തതെന്നും ചോദിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകനാണ് സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്.

സൊമാറ്റോ ജീവനക്കാരന്‍ മാര്‍ക്കറ്റിങ്ങ് ആണെന്നും ജോലിയുടെ ഭാഗമാണെന്നും പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

Content Highlight: Hindutvadis block Christmas celebrations in Mumbai; Discussion on social media