ഛണ്ഡീഗഡ്: ഉദയ്പൂര്‍ കൊലപാതകത്തെ ആയുധമാക്കി മാറ്റി ഹിന്ദുത്വ സംഘടനകള്‍. കനയ്യലാലിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സംഘം പ്രതിഷേധം നടത്തുന്നത്. വരും ദിവസങ്ങളില്‍ പ്രതിഷേധം രാജ്യവ്യാപകാക്കാനും സംഘം പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ ദുര്‍ഗ്ഗ വാഹിനി ഉള്‍പ്പെടെയുള്ള വിവിധ ഹിന്ദു വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. പ്രതിഷേധവുമായി ലക്ഷ്മി നാരായണ ക്ഷേത്രത്തിന് മുമ്പിലെത്തിയ സംഘം ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കുകയും പ്രതികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന്റെ പേരിലാണ് യുവാവിനെ രണ്ട് പേരടങ്ങുന്ന സംഘം തലയറുത്ത് കൊലപ്പെടുത്തിയത്.
അതേസമയം, കൊലപാതകികളെ സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ ഇതിന് പിന്നാലെ എത്തിയിരുന്നു. ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികളിലൊരാളായ റിയാസ് അട്ടാരിയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. .
പ്രതികള്‍ ചുരുങ്ങിയത് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായെങ്കിലും ബി.ജെ.പി രാജസ്ഥാന്‍ ഘടകത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുകയാണെന്ന് പ്രതികളെ കുറിച്ച് ഇന്ത്യാ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
2019ല്‍ സൗദി അറേബ്യയില്‍ നിന്നും എത്തിയ റിയാസ് അട്ടാരിയെ രാജസ്ഥാനിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച അംഗമായ ഇര്‍ഷാദ് ചെയ്ന്‍വാല സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.
‘റിയാസ് പലപ്പോഴും ബി.ജെ.പിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പ്രത്യേകിച്ച് ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കടാരിയയുടെ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു റിയാസ്. വിളിച്ചില്ലെങ്കിലും പലപ്പോഴും റിയാസിനെ പരിപാടികളില്‍ കാണാറുണ്ട്. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് പലപ്പോഴും റിയാസ് വ്യക്തമാക്കിയിട്ടുമുണ്ട്,
പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വയം സന്നദ്ധനായി എത്തുകയായിരുന്നു ഇയാള്‍,’ ചെയ്ന്‍വാലയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു
Content Highlight: hindutva groups conducted protest over udaipur killing