കൊച്ചി: വൈദ്യപരിശോധക്കെത്തിയ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശവുമായി ഹൈക്കോടതി.
ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എല്ലാ ആശുപത്രികളും അടച്ച് പൂട്ടൂവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തി കേസ് പരിഗണിച്ചത്.
പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും കസ്റ്റഡിയില്‍ നിന്നും പ്രതിയെ കൊണ്ടു വരുമ്പോള്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.
‘പ്രതി അസ്വാഭാവിക പെരുമാറ്റം പ്രകടിപ്പിച്ചപ്പോള്‍ തന്നെ പൊലീസ് ഇടപെടണമായിരുന്നു. സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും പ്രതിയെ തടയുകയും ചെയ്യണമായിരുന്നു. പ്രതീക്ഷിക്കാത്തതിനെ മുന്‍കൂട്ടി കാണുകയും മനസിലാക്കുകയും ചെയ്യുന്നതാണ് പൊലീസ്. അല്ലാത്തപക്ഷം ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. നിയമ ലംഘനം ഇല്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വമല്ലേ’, കോടതി ചോദിച്ചു.
മജിസ്‌ട്രേറ്റിന് മുമ്പില്‍ പ്രതിയെ ഹാജരാക്കുമ്പോള്‍ ഉള്ളത് പോലെ ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ ഹാജരാക്കുമ്പോഴും ഒരു പ്രോട്ടോക്കോള്‍ ഉണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു.
‘പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനുള്ള പ്രോട്ടോക്കോള്‍ എന്താണ്? നൂറുകണക്കിന് പ്രതികളെ രാത്രിയില്‍ പോലും മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരം പ്രോട്ടോക്കോളുകള്‍ ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ പ്രതിയെ ഹാജരാക്കുമ്പോള്‍ പാലിക്കാത്തത്?
ഡോക്ടര്‍മാര്‍ പ്രധാനമല്ലെന്നാണോ നിങ്ങള്‍ പറയുന്നത്? എന്നാല്‍ ഞങ്ങളുടെ കാഴ്ചപ്പാടില്‍ അവര്‍ പ്രധാനപ്പെട്ടവരാണ്. മജിസ്‌ട്രേറ്റിന് മുമ്പില്‍ പ്രതിയെ ഹാജരാക്കുമ്പോള്‍ പാലിക്കുന്ന പ്രോട്ടോക്കോള്‍ ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ ഹാജരാക്കുമ്പോഴും പാലിക്കണം’, കോടതി പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നും ഇവിടെയാണിതാദ്യമെന്നും കോടതി കുറ്റപ്പെടുത്തി.
കേസ് കോടതി നാളെ പരിഗണിക്കും. സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
ബുധനാഴ്ച പുലര്‍ച്ചേ നാല് മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ച അക്രമാസക്തനായ രോഗിയാണ് ഡോക്ടറെ കുത്തിയത്. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കുത്തേറ്റത്. കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം.
വന്ദനയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്കും കുത്തേറ്റു. പൊലീസുകാരന്‍, സുരക്ഷാ ജീവനക്കാരന്‍, ആശുപത്രിയിലുണ്ടായിരുന്നൊരാള്‍ എന്നിവരെയും കുത്തിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. നെടുമ്പന യു.പി സ്‌കൂളിലെ അധ്യാപകനായ എസ്. സന്ദീപാണ് പ്രതി.
Contenthighlight: highcourt slam state and police over women doctor death