Kerala News
ദിലീപിന്റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 07, 06:15 am
Monday, 7th April 2025, 11:45 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

നേരത്തെ ദിലീപ് സമര്‍പ്പിച്ച സമാനമായ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

കേസില്‍ അവസാനഘട്ട വിചാരണ നടക്കുന്ന സാഹചര്യത്തിലാണ് ദിലീപ് വീണ്ടും തിരിച്ചടി നേരിട്ടത്. നാല് വര്‍ഷം മുമ്പാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സി.ബി.ഐ അന്വേഷണം അനിവാര്യമെന്നായിരുന്നു ദിലീപിന്റെ വാദം.

2024 സെപ്റ്റംബറില്‍ കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനി ഏഴ് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. പള്‍സര്‍ സുനി ഉന്നയിച്ച, രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടേതായിരുന്നു നടപടി.

2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. കൊച്ചിയില്‍ വെച്ചാണ് നടി അതിക്രമം നേരിട്ടത്.

നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. നേരത്തെ രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും ഒരു കോടി രൂപയാണ് അതിനായി വാഗ്ദാനം ചെയ്തതെന്നും പള്‍സര്‍ സുനി റിപ്പോര്‍ട്ടര്‍ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.

ഇതില്‍ 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്നും തനിക്ക് ആവശ്യം വരുന്ന സാഹചര്യങ്ങളിലാണ് പണം വാങ്ങാറുള്ളതെന്നും സുനി പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് സമാനമായി കൂടുതൽ നടിമാർ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തിയിരുന്നു.

Content Highlight: High court rejected Dileep’s request; No CBI investigation into actress attack case