ജിയാറ്റണിലെ ഇസ്രഈലി സൈനിക ആസ്ഥാനത്തിന് നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുള്ള
Worldnews
ജിയാറ്റണിലെ ഇസ്രഈലി സൈനിക ആസ്ഥാനത്തിന് നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2024, 11:35 am

ഗസ: ഇസ്രഈലി സൈനിക ആസ്ഥാനത്തിന് നേരെ റോക്കറ്റ് ആക്രമണവുമായി ഹിസ്ബുള്ള റെസിഡന്റ്‌സ് മൂവ്മെന്റ്. ജിയാറ്റണിലെ 146-ാം ഡിവിഷൻ്റെ പുതുതായി സ്ഥാപിച്ച ഇസ്രഈലി ആസ്ഥാനത്തിന് നേരെയാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയത്.

തെക്കൻ ലെബനനിലെ സിവിലിയൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മറൂബ് പട്ടണത്തിലും ഗസയിലെ ഫലസ്തീനികൾക്കെതിരെയും ഇസ്രഈൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഓപ്പറേഷൻ നടത്തിയതെന്ന് ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ള പറഞ്ഞു.

ലെബനനിൽ നിന്ന് ഫലസ്തീന്റെ വടക്ക് ഭാഗത്തേക്ക് 30തിൽ അധികം റോക്കറ്റുകൾ തൊടുത്ത് വിട്ടതായി മാധ്യമങ്ങൾ പറയുന്നുണ്ട്.
ഹിസ്ബുള്ളയുടെ ഭൂരിഭാഗം റോക്കറ്റുകളും തടയാൻ ഇസ്രായേലിൻ്റെ അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും ഇസ്രഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രഈലി സൈനിക ആസ്ഥാനത്തിന് നേരെ ബോംബ് ആക്രമണം നടത്തിയെന്ന് ഹിസ്ബുള്ളയുടെ പ്രസ്താവന പിന്നാലെ പുറത്ത് വന്നിരുന്നു.

‘ഇസ്‌ലാമിക് റെസിസ്റ്റൻസ് പോരാളികൾ, തിങ്കളാഴ്ച, ജിയാറ്റണിലുള്ള 146-ാം ഡിവിഷൻ്റെ പുതുതായി സ്ഥാപിച്ച ഇസ്രഈലി കമാൻഡ് ആസ്ഥാനത്ത് കത്യുഷ റോക്കറ്റ് ബാരേജുകൾ ഉപയോഗിച്ച് ബോംബെറിഞ്ഞു,’ പ്രസ്താവനയിൽ പറയുന്നു.

നഹരിയാ പട്ടണത്തിൽ ഹൈഫൈ നഗരത്തിലെ അൽ-കാരിയോട്ട് പ്രദേശം വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ലബനാനിലെ അൽ-മാനാർ ടി.വി റിപ്പോർട്ട് ചെയ്തു. ആക്രമണം അധിനിവേശ പ്രദേശങ്ങളുടെ വടക്ക് ഗലീലിയുടെ പടിഞ്ഞാറൻ ഭാഗത്ത് വൻ തീപിടുത്തത്തിന് കാരണമായാതായി ഇസ്രഈലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒക്‌ടോബർ ഏഴിന് ഗസയ്‌ക്കെതിരെയുള്ള വംശഹത്യ ആരംഭിച്ചതിനുശേഷം ലെബനൻ്റെ തെക്കൻ ഭാഗങ്ങൾക്കെതിരെ ഇസ്രഈൽ ഭരണകൂടം നിരന്തരം ആക്രമണങ്ങൾ നടത്തിവരികയാണ്.

ഇസ്രഈലി ഭരണകൂടത്തിനെതിരെ തിരിച്ചടിക്കാനും വംശഹത്യക്കിരയാകുന്ന ഫലസ്തീനികളെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയും ഹിസ്ബുള്ള ഇസ്രഈലിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇസ്രഈലിനെതിരായ ആക്രമണത്തിന് ഹിസ്ബുള്ള ഉപയോഗിച്ചത് കത്യുഷ മിസൈലുകളായിരുന്നെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുള്ള വിക്ഷേപിച്ച ഭൂരിഭാഗം മിസൈലുകളും തടഞ്ഞതായി ഇസ്രഈല്‍ അറിയിച്ചിരുന്നു. ഇസ്രഈലിലെ ബെയ്റ്റ് ഹില്ലിലാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.

 

 

Content Highlight: Hezbollah rockets hit Israeli military headquarters in Giaton