കൊവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹന്‍ലാല്‍ തന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതില്‍ തന്നെ മോഹന്‍ലാല്‍ വിളിച്ച് ആശംസകള്‍ അറിയിച്ചെന്നും കൊവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം മോഹന്‍ലാലിന് നന്ദിയറിച്ച് രംഗത്ത് എത്തിയിരുന്നു. തന്റെ 61-ാം ജന്മദിനത്തിലാണ് കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് മോഹന്‍ലാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചത്.
കൊവിഡ് കാലത്ത് ബുദ്ധിമുട്ടിലായ ആശുപത്രികളിലേക്ക് ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്സ-റേ മെഷീന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി നല്‍കിയത്.
ഇതിന് പുറമെ കളമശ്ശേരി മെഡിക്കല്‍ കോളെജിലെ വാര്‍ഡുകളിലേക്കും ട്രിയേജ് വാര്‍ഡുകളിലേക്കുമുള്ള ഓക്സിജന്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ കെ.എ.എസ്.പി (കാരുണ്യ പദ്ധതി) ആരോഗ്യപരിപാലന പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഒരു പോലെ ഈ സഹായം മോഹന്‍ലാല്‍ എത്തിച്ചിട്ടുണ്ട്.
നേരത്തെയും കൊവിഡ് പ്രതിരോധത്തിനായി നിരവധി സഹായങ്ങള്‍ മോഹന്‍ലാല്‍ നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായവും മോഹന്‍ലാല്‍ നല്‍കിയിരുന്നു.
ഇതിന് പുറമെ സിനിമാമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സഹായത്തിനായി ഫെഫ്ക്കയ്ക്ക് പത്ത് ലക്ഷം രൂപയും മോഹന്‍ലാല്‍ നല്‍കിയിരുന്നു.