പൃഥ്വിരാജിന് ഡയറക്ടർ ആകണമെന്നാണ് പണ്ടുമുതലേയുള്ള ആഗ്രഹമെന്ന് പറയുകയാണ് നടൻ നന്ദു. രാജുവിൻ്റെ അമ്മ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നന്ദു പറയുന്നു. ഷോട്ടിനിടയിൽ എന്തൊക്കെയാണ് ആവശ്യമെന്നുള്ളതും എവിടെയാണ് കട്ട് പറയേണ്ടതെന്നും പൃഥ്വിരാജിന് നന്നായിട്ട് അറിയാമെന്നും നന്ദു പറയുന്നു.
ഒരു തുടക്കക്കാരനെ പോലെയല്ല പൃഥ്വിരാജെന്നും എമ്പുരാൻ സിനിമ പൃഥ്വിരാജ് ആദ്യമേ വിഷ്വലൈസ് ചെയ്ത് കഴിഞ്ഞുവെന്നും എന്നിട്ടാണ് ഷൂട്ട് ചെയ്തതെന്നും പറയുകയാണ് നന്ദു. നല്ല കഴിവുള്ള ഡയറക്ടേഴ്സ് അങ്ങനെയാണെന്നും നന്ദു കൂട്ടിച്ചേർത്തു.
റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പണ്ടു മുതലേ രാജുവിന് ഡയറക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. മല്ലിക ചേച്ചി പറഞ്ഞിട്ടുണ്ട് സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ഡയറക്ടർ ആകണമെന്നാണ് ആഗ്രഹമെന്ന്. അതുതന്നെയാണ് നമ്മൾ കാണുന്നത്. 2500 ജൂനിയർ ആർട്ടിസ്റ്റിനെ വച്ചിട്ട് എല്ലാം പ്ലാൻ ചെയ്ത് റെഡിയാക്കി വച്ചിട്ട് ‘സ്റ്റാർട്ട് ക്യാമറ ആക്ഷൻ കട്ട്’ ഓക്കെ ഇമ്മിഡിയേറ്റ് പറയുകയാണ്.
അതൊന്ന് മോണിറ്ററിൽ രണ്ടാമത് കണ്ടിട്ട് ഓക്കെ പറയാൻ പോലും അദ്ദേഹം നിൽക്കാറില്ല. അദ്ദേഹത്തിന് ഓക്കെ പറഞ്ഞാൽ ഓക്കെ തന്നെ. ആ ഷോട്ടിനിടയിൽ എന്തൊക്കെയാണ് ആവശ്യമുള്ളതെന്നും എവിടെ കട്ട് പറയണമെന്നും രാജുവിന് നന്നായിട്ട് അറിയാം. നല്ല ഓർമയുണ്ട് അദ്ദേഹത്തിന്.
ഇപ്പോ ഒരു തുടക്കക്കാരനാണെങ്കിൽ ഒരു പക്ഷെ ആ ഷോട്ട് മുഴുവൻ ഇരുന്ന് കണ്ട് എഡിറ്ററുടെ കൂടെ ഇരുന്ന് എല്ലാം ആലോചിച്ച് പിന്നീട് ചെയ്യണം.
എന്നാൽ പൃഥ്വിരാജ് അങ്ങനെയല്ല. എറ്റവും വലിയ രസം എന്തെന്നാൽ എമ്പുരാൻ എന്നു പറഞ്ഞ സിനിമ പൃഥ്വിരാജ് കണ്ടു കഴിഞ്ഞു. എന്നിട്ടാണ് അയാൾ ഡയറക്ട് ചെയ്യുന്നത്. എല്ലാം അയാൾ വിഷ്വലൈസ് ചെയ്ത് കഴിഞ്ഞു. നല്ല കഴിവുള്ള ഡയറക്ടേഴ്സ് അങ്ങനെയാണ്,’ നന്ദു പറഞ്ഞു.
Content Highlight: He knows exactly where to make action cuts says Actor Nandu