അദ്ദേഹം ഞങ്ങളുടെ മൂത്ത ചേട്ടനെപ്പോലെയാണ്, ശരിക്കും ജെന്റില്‍മാന്‍; വസീം ജാഫറിനെ പിന്തുണച്ച് വിദര്‍ഭ താരങ്ങള്‍
Cricket
അദ്ദേഹം ഞങ്ങളുടെ മൂത്ത ചേട്ടനെപ്പോലെയാണ്, ശരിക്കും ജെന്റില്‍മാന്‍; വസീം ജാഫറിനെ പിന്തുണച്ച് വിദര്‍ഭ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th February 2021, 10:19 pm

മുംബൈ: വിദ്വേഷ പ്രചരണങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് കോച്ച് സ്ഥാനത്ത് നിന്ന് രാജിവെച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫറിന് പിന്തുണയുമായി വിദര്‍ഭ ക്രിക്കറ്റ് താരങ്ങള്‍. അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നല്‍കുന്നതില്‍ വസീം ജാഫര്‍ ശ്രദ്ധാലുവായിരുന്നെന്ന് താരങ്ങള്‍ പറഞ്ഞു.

വിദര്‍ഭയ്ക്ക് വേണ്ടി രണ്ട് വീതം രഞ്ജി-ഇറാനി ട്രോഫികള്‍ നേടിക്കൊടുത്തിട്ടുണ്ട് വസീം ജാഫര്‍.

ടീമില്‍ കൂടുതല്‍ മുസ്‌ലിം കളിക്കാരെ ഉള്‍പ്പെടുത്തുകയും മതപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്തു എന്നതാണ് ജാഫറിനെതിരെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ആരോപണം.

തനിക്കെതിരെ വ്യാപകമായി പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി വസിം ജാഫര്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയമായ ദിശയിലേക്ക് കാര്യങ്ങള്‍ വളര്‍ത്തിയത് സങ്കടകരമായ കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

‘രംഭക്ത് ഹനുമാന്‍ കി ജയ്’ എന്ന ഹിന്ദു മന്ത്രം ഉപയോഗിക്കാനുള്ള കളിക്കാരുടെ അഭ്യര്‍ത്ഥന കോച്ച് നിരസിച്ചെന്ന ആരോപണം ജാഫറിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇതിനുള്ള മറുപടിയും വസീം ജാഫര്‍ നല്‍കി.

‘ജയ് ഹനുമാന്‍ ജയ്’ എന്ന് ചൊല്ലാന്‍ കളിക്കാരെ അനുവദിക്കുന്നില്ലെന്ന ആരോപണമുണ്ട്. ഒന്നാമതായി, ഒരു കളിക്കാരനും ഒരു മുദ്രാവാക്യവും ചൊല്ലുന്നില്ല. ഞങ്ങള്‍ക്ക് സിഖ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള കുറച്ച് കളിക്കാര്‍ ഉണ്ട്, അവര്‍ ‘റാണി മാതാ സാച്ചെ ദര്‍ബാര്‍ കി ജയ്’ എന്ന് പറയുമായിരുന്നു.

അതിനാല്‍, പകരം ”ഗോ ഉത്തരാഖണ്ഡ്, പോകുക” അല്ലെങ്കില്‍ ”കം ഓണ്‍ , ഉത്തരാഖണ്ഡ്” പോലുള്ള എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന് ഞാന്‍ ഒരിക്കല്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ വിദര്‍ഭയ്ക്കൊപ്പമുണ്ടായിരുന്നപ്പോള്‍ ടീമിന് ”കം ഓണ്‍, വിദര്‍ഭ” എന്ന മുദ്രാവാക്യമുണ്ടായിരുന്നു. മുദ്രാവാക്യം തെരഞ്ഞെടുത്തത് ഞാനല്ല, അത് കളിക്കാര്‍ക്കാണ് വിട്ടുകൊടുത്തത് ”അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

താനൊരു വര്‍ഗീയവാദി ആയിരുന്നെങ്കില്‍ ‘ അല്ലാഹു അക്ബര്‍ എന്ന് ‘വിളിക്കണമെന്നായിരുന്നു പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസീമിന് പിന്തുണയുമായി മുന്‍ താരം അനില്‍ കുംബ്ലെയും രംഗത്തെത്തിയിരുന്നു. വസീം ചെയ്തതാണ് ശരിയെന്നാണ് കുംബ്ലെ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിങ്ങളോടൊപ്പമാണ് വസീം. നിങ്ങള്‍ ചെയ്തതാണ് ശരി. നിര്‍ഭാഗ്യവശാല്‍ താങ്കളെപ്പോലൊരു പരിശീലകന്റെ സാമിപ്യം കളിക്കാര്‍ക്ക് നഷ്ടപ്പെടും’, കുംബ്ലെ ട്വിറ്ററിലെഴുതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: He Is Just Like A Big Brother For Us’- Vidarbha Players Back Wasim Jaffer