national news
ദല്‍ഹിയിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭം; ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദല്‍ഹി ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 05, 06:30 am
Friday, 5th July 2024, 12:00 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് യു.എ.പി.എ ചുമത്തപ്പെട്ട ഷര്‍ജീല്‍ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി ദല്‍ഹി ജഡ്ജി. കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ അപേക്ഷ ദല്‍ഹി ജഡ്ജി തള്ളുകയായിരുന്നു.

ദല്‍ഹി ഹൈക്കോടതി ജഡ്ജി അമിത് ശര്‍മയാണ് അപേക്ഷ പരിഗണിക്കാതിരുന്നത്. 2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങളില്‍ ഷര്‍ജീല്‍ ഇമാമിനെതിരെ നിരവധി കേസുകള്‍ എടുത്തിരുന്നു.

ജാമിയ മിലിയ സര്‍വകലാശാലയിലും അലിഖഢ് സര്‍വകലാശാലയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ഷര്‍ജീല്‍ ഇമാമിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. ഇതില്‍ ദല്‍ഹി ഹൈക്കോടതി ഷാര്‍ജീലിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ കൂടെ ജാമ്യം ലഭിച്ചാല്‍ മാത്രമേ ഷര്‍ജീല്‍ ഇമാമിന് ജയില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളു.

എന്നാല്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ജഡ്ജിമാരുടെ പട്ടികയില്‍ മാറ്റം വരുത്തിയ ശേഷമാണ് ജസ്റ്റിസ് പ്രതിബ എം. സിങ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന്, ജൂലായ് 24ന് പുറത്തിറക്കിയ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവുകള്‍ അനുസരിച്ച് അമിത് ശര്‍മ ഉള്‍പ്പെടാത്ത മറ്റൊരു ബെഞ്ചിന് മുമ്പാകെ അപേക്ഷ ലിസ്റ്റ് ചെയ്യട്ടെയെന്ന് ജസ്റ്റിസ് സിങ് ഉത്തരവിടുകയായിരുന്നു.

2019ല്‍ ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗങ്ങളാണ് ദല്‍ഹിയെ കലാപത്തിലേക്ക് നയിച്ചതെന്ന് ഷാര്‍ജീലിനെതിരെ കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള തെളിവുകള്‍ അദ്ദേഹം കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.

ദല്‍ഹി കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ താന്‍ ഒരു തീവ്രവാദിയല്ലെന്ന് ഷര്‍ജീല്‍ ഇമാം നേരത്തെ പറഞ്ഞിരുന്നു. താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ നിയമസംവിധാനത്തിലുള്ള ഒരു സര്‍ക്കാരിന്റേതല്ലെന്നും ഒരു രാജഭരണത്തിന്റെ പ്രഹരമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു.

Content Highlight: HC judge recuses from hearing Sharjeel Imam, others’ UAPA bail