'മെസിയെയും നെയ്മറിനെയും' പുഴയില്‍ നിന്ന് മാറ്റണം; പുള്ളാവൂര്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
Kerala News
'മെസിയെയും നെയ്മറിനെയും' പുഴയില്‍ നിന്ന് മാറ്റണം; പുള്ളാവൂര്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th November 2022, 6:56 pm

കോഴിക്കോട്: സാമൂഹ മാധ്യമങ്ങളില്‍ വൈറലായ കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കംചെയ്യാന്‍ നിര്‍ദേശം. ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ഓലിക്കല്‍ ഗഫൂറാണ് കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

പുഴയില്‍ നിന്ന് കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് നടപടി.

പുഴയില്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചതിനെതിരെ ഇത് നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം പുറത്തിറക്കിയത്.

ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായാണ് കോഴിക്കോട് പുള്ളാവൂരില്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നത്. പുഴയിലേക്ക് കട്ടൗട്ട് ചുമലിലേറ്റി കൊണ്ടുപോയായിരുന്നു ആരാധകര്‍ ഇത് ഉയര്‍ത്തിയിരുന്നത്.

മെസിയുടെ കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചിരുന്നത്. ഈ കട്ടൗട്ട് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ മെസിയുടെ കട്ടൗട്ടിന് സമീപം ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന്റെ കട്ടൗട്ടും ആരാധകര്‍ സ്ഥാപിച്ചിരുന്നു.

30 അടി ഉയരത്തിലാണ് മെസിയുടെ കട്ടൗട്ട്. അതിനേക്കാള്‍ 10 അടി കൂടുതല്‍ ഉയരമുള്ള കട്ടൗട്ടാണ് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്.

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. ഇതിനോടകം തന്നെ കേരളത്തിന്റെ പലയിടത്തും പല ടീമിന്റെയും ഫാന്‍സുകാര്‍ ഫ്ലക്സും കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്.