ബി.ജെ.പി എന്നത് ഗുണ്ടകളുടെ പാര്‍ട്ടിയാണെന്നും ധാര്‍മ്മികതയും നീതിയും അവരില്‍ നിന്നും പ്രതീക്ഷിക്കരുതെന്നും സുഷ്മിതാ ദേവ് പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയും സുഷ്മിത രംഗത്തെത്തി.
‘സ്മൃതി ഇറാനി ഒന്നിനും കൊള്ളാത്ത ഒരു മന്ത്രിയാണ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു വനിതാ മന്ത്രിയാണ് അവര്‍. അവരാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്. അല്പമെങ്കിലും നാണമുണ്ടെങ്കില്‍ അവര്‍ എം.പി സ്ഥാനം രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്’, സുഷ്മിതാ ദേവ് പറഞ്ഞു.
ഹാത്രാസ് സംഭവത്തില്‍ ബലാത്സംഗം മാത്രം അന്വേഷിച്ചാല്‍ പോരെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിയായ അജയ് ബിഷ്ടിന്റെ (ആദിത്യനാഥിന്റെ ആദ്യ പേര്) ക്രമിനല്‍ അവഗണനയ്‌ക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നും സുഷ്മിതാ ദേവ് ആവശ്യപ്പെട്ടു.
ഹാത്രാസിലെ പെണ്‍കുട്ടിയെ സംസ്‌കരിച്ച രീതി മനുഷ്യാവകാശ ലംഘനമാണ്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ആറ് ദിവസത്തിലേറെയാണ് സാധാരണ വാര്‍ഡില്‍ കിടത്തിയത്. കേസില്‍ എട്ട് ദിവസമായി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. എഫ്.ഐ.ആര്‍ ഇട്ടുകഴിഞ്ഞപ്പോഴാകട്ടെ അതില്‍ ബലാത്സംഗക്കുറ്റം ചുമത്തുകയും ചെയ്തില്ല.
യു.പിയിലെ സ്ത്രീകള്‍ നിരന്തരം ഇത്തരം ക്രൂരപീഡനങ്ങള്‍ക്ക് ഇരകളാകുന്നു. നിരവധി പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നു, നരേന്ദ്ര മോദീ, നിങ്ങളുടെ മുഖ്യമന്ത്രിയാണ് അവിടെ ഭരിക്കുന്നത്. ഇതിന് രാജ്യത്തോട് മറുപടി പറയേണ്ടത് നിങ്ങളാണ്’ എന്നായിരുന്നു സുഷ്മിതാ ദേവ് പ്രതികരിച്ചത്.
നേരത്തെ ആഗ്രയില്‍ സ്മൃതി ഇറാനിയുടെ വാഹനത്തിന് നേരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം പ്രവര്‍ത്തകര്‍ തടയുകയും പൊലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
നേരത്തെ ഹാത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. ബലാത്സംഗത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുന്നവരെ തടയാനാവില്ലെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു സ്മൃതി ഇറാനിയുടെ പ്രസ്താവന. അതേസമയം വിഷയത്തില്‍ പ്രതികരണം നടത്താനോ നടപടിയെ അപലപിക്കാനോ പോലും തയ്യാറാകാത്ത സ്മൃതി ഇറാനിയുടെ നടപടി വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക