ബോളിവുഡ് സിനിമകള്‍ക്കെതിരെ വിദ്വേഷ പ്രചരണം. തീവ്രഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്നുമാണ് സൗത്ത് ഇന്ത്യന്‍ സിനിമകളെ കണ്ടു പഠിക്കൂ എന്ന് ആഹ്വാനവുമായി വിദ്വേഷ പ്രചരണം നടക്കുന്നത്.
തെലുങ്കു സിനിമകളാണ് കൂടുതലായും ഇത്തരം ഗ്രൂപ്പുകള്‍ ഉയര്‍ത്തി പിടിക്കുന്നത്. ബോളിവുഡ് ലൂഡോയും, പി.കെയും, താണ്ഡവും പോലെയുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ തെലുങ്കില്‍ ആര്‍.ആര്‍.ആറും ബാഹുബലിയും അഖണ്ഡയും ഹിന്ദുത്വ ബിംബങ്ങളെ നന്നായി ഉപയോഗിക്കുന്നു എന്ന് ഈ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ആര്‍.ആര്‍.ആറിലെ രാംചരണിന്റെ ശ്രീരാമനെ ഓര്‍മിപ്പിക്കുന്ന രൂപങ്ങളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തെലുങ്കു സിനിമകള്‍ ഭാരതീയ സംസ്‌കാരത്തെ ഉയര്‍ത്തി പിടിക്കുന്നു എന്നും വിദ്വേഷ പ്രചരണങ്ങള്‍ക്കൊപ്പം ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില ഗ്രൂപ്പുകളില്‍ മലയാളം, തമിഴ് സിനിമകള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നു.
ഇത്തരം വിദ്വേഷ പ്രചരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ മലയാളം ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. അമല്‍ ലതീഷ് എന്ന് പ്രൊഫൈലില്‍ നിന്നുമാണ് സ്‌ക്രീന്‍ ഷോട്ടും ഒപ്പം കുറിപ്പും പ്രചരിക്കുന്നത്.
‘അത്തരം പോസ്റ്റുകള്‍ക്ക് കീഴിലുള്ള പ്രതികരണങ്ങളും കമന്റുകളും അവിശ്വസനീയമാണ്, അന്ധമായി വീഴുകയും അത്തരം കാര്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്. എന്തുകൊണ്ടാണ് ബോളിവുഡിനോട് ഇത്ര വെറുപ്പ്? ആരാണ് ബോളിവുഡിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്? എന്തുകൊണ്ടാണ് തെലുങ്ക്, കന്നഡ സിനിമകളോട് ഈ അമിതമായ സ്‌നേഹം? ആരാണ് ഈ പ്രചരണത്തിന് പിന്നില്‍?,’ അമല്‍ ലതീഷ് ചോദിക്കുന്നു.
അടുത്തിടെ ഹൃദയത്തിലെ നായകനും നായികയും പൊറോട്ടയും ബീഫും കഴിക്കുന്ന രംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീരാമകീര്‍ത്തനത്തിനൊപ്പം ബീഫ് കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടി എന്ന വ്യഖ്യാനങ്ങളോടെ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ വിദ്വേഷ പ്രചരണം നടന്നിരുന്നു.
Content Highlight: Hate propaganda against Bollywood movies based on Hindutva