'സായ് പല്ലവി സിനിമകള്‍ ഇനി കാണില്ല'; ഹാലിളകി സംഘികള്‍; പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതക പരാമര്‍ശത്തില്‍ വിദ്വേഷ പ്രചരണം
Entertainment news
'സായ് പല്ലവി സിനിമകള്‍ ഇനി കാണില്ല'; ഹാലിളകി സംഘികള്‍; പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതക പരാമര്‍ശത്തില്‍ വിദ്വേഷ പ്രചരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th June 2022, 2:14 pm

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പ്രസ്താവനക്ക് പിന്നാലെ നടിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി തീവ്ര വലതുപക്ഷ അക്കൗണ്ടുകള്‍. ട്വിറ്ററില്‍ സായ് പല്ലവിക്ക് നേരെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ വലിയ രീതിയിലാണ് നടക്കുന്നത്.

കശ്മീരി പണ്ഡിറ്റുകളെ മുസ് ലിങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിച്ചു എന്നാണ് വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ച് വിടുന്നവരുടെ ചോദ്യം. സായ് പല്ലവിയുടെ കുടുംബത്തിന് നേരെയും ട്വിറ്ററില്‍ കനത്ത രീതിയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. #BoycottSaiPallavi എന്ന ഹാഷ് ടാഗിലാണ് തീവ്ര വലതുപക്ഷ അക്കൗണണ്ടുകള്‍ വിദ്വേഷ പ്രചരണങ്ങള്‍
അഴിച്ചു വിടുന്നത്.

റാണ ദഗ്ഗുബട്ടി നായകനാകുന്ന വിരാടപര്‍വ്വം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്. അതേസമയം സായ് പല്ലവിയെ അനുകൂലിച്ച് കൊണ്ട് നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്.


നിലപാട് തുറന്ന് പറയാന്‍ കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. വിരാടപര്‍വ്വത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.

‘വെന്നെല്ല’ എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സലായിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിടുന്നത്. വേണു ഉഡുഗുളയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നന്ദിത ദാസ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 17 ന് റിലീസ് ചെയ്യും.

Content Highlight : Hate campaign against Saipallavi in Twitter from Intense right wing accounts