പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ സന്ദര്‍ശകര്‍ വമ്പന്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. വെല്ലിങ്ടണില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് പത്ത് ഓവറും എട്ട് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
New Zealand win the five-match series 4-1#NZvPAK | #BackTheBoysInGreen pic.twitter.com/sKMXOMWiDQ
— Pakistan Cricket (@TheRealPCB) March 26, 2025
ഫൈഫറുമായി തിളങ്ങിയ ജിമ്മി നീഷവും പുറത്താകാതെ 97 റണ്‍സുമായി തിളങ്ങിയ സീഫെര്‍ട്ടുമാണ് ടീമിന്റെ വിജയശില്‍പി.
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന്‍ വിജയിച്ചത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റും നാല് ഓവറും ശേഷിക്കെ പാകിസ്ഥാന്‍ മറികടന്നു. ഹസന്‍ നവാസിന്റെ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ വിജയിച്ചുകയറിയത്.
ഹസന്‍ നവാസ് തിളങ്ങിയ മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന്‍ വിജയിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഹസന്‍ നവാസിന് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയ നാല് മത്സരത്തിലും പാകിസ്ഥാന്‍ തോല്‍വി നേരിട്ടു.
ഈ സെഞ്ച്വറിക്ക് പിന്നാലെ താരം പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രവും തിരുത്തിക്കുറിച്ചിരുന്നു. ടി-20 ഫോര്‍മാറ്റില്‍ പാകിസ്ഥാനായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തോടെയാണ് നവാസ് നാഷണല്‍ ഹീറോയായി മാറിയത്. ബാബര്‍ അസമിന്റെ റെക്കോഡ് തകര്‍ത്താണ് താരം ഈ പട്ടികയില്‍ ഒന്നാമതെത്തിയത്.
ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയതിന്റെ കണക്ക് തീര്‍ക്കുന്നതുകൂടിയായിരുന്നു മൂന്നാം മത്സരത്തില്‍ താരത്തിന്റെ പ്രകടനം.
എന്നാല്‍ പരമ്പരയിലെ നാല്, അഞ്ച് മത്സരങ്ങളില്‍ താരം നിരാശപ്പെടുത്തി. നാലാം മത്സരത്തില്‍ ഒരു റണ്ണിന് പുറത്തായപ്പോള്‍ അവസാന മത്സരത്തില്‍ വീണ്ടും പൂജ്യത്തിന് താരം മടങ്ങി.
0 (2), 0 (3), 105* (45), 1 (4), 0 (3) എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ ഹസന്‍ നവാസിന്റെ പ്രകടനം.
ഇതിന് പിന്നാലെ ഒരു മോശം നേട്ടവും താരത്തെ തേടിയെത്തി. ഒരു ബൈലാറ്ററല്‍ ടി-20 പരമ്പരയില്‍ മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ടെസ്റ്റ് പ്ലെയിങ് നേഷന്‍ താരമെന്ന അനാവശ്യ നേട്ടമാണ് ഹസന്‍ നവാസിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
നവാസിന് മുമ്പ് 11 അസോസിയേറ്റ് താരങ്ങള്‍ ഇത്തരത്തില്‍ മൂന്ന് തവണ ഒരു ടി-20 പരമ്പരയില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഇതിനൊപ്പം ഒരു ടി-20 പരമ്പരയില്‍ ഒന്നിലധികം തവണ പൂജ്യത്തിന് പുറത്താകുന്ന പത്താമത് പാക് താരമെന്ന മോശം റെക്കോഡും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു.
ന്യൂസിലാന്‍ഡിനെതിരായ ഈ പരമ്പരയിലൂടെയാണ് താരം തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. കരിയറിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 26.50 ശരാശരിയില്‍ 106 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും മൂന്ന് ഡക്കും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇതുവരെയുള്ള കരിയര്‍.
ടി-20 പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് പാകിസ്ഥാന് ഇനി ന്യൂസിലാന്‍ഡില്‍ കളിക്കാനുള്ളത്. ഈ സ്‌ക്വാഡില്‍ ഹസന്‍ നവാസ് ഇടം നേടിയിട്ടില്ല.
മാര്‍ച്ച് 29നാണ് പരമ്പരയിലെ ആദ്യ മത്സരം. നേപ്പിയറിലെ മക്ലീന്‍ പാര്‍ക്കാണ് വേദി.
Content Highlight: Hassan Nawaz becomes the first batter from a test playing nation to out for a duck in 3 times in a bilateral T20I series