ഇന്ത്യന്‍ ഇതിഹാസ താരം വിരാട് കോഹ്‌ലിയെ വീണ്ടും പ്രശംസിച്ച് അഫ്ഗാനിസ്ഥാന്‍ ഏകദിന – ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദി. ലോകത്തിലെ ഏറ്റവും മികച്ച കവര്‍ ഡ്രൈവ് വിരാട് കോഹ്‌ലിയുടേതാണ് എന്നാണ് അഫ്ഗാന്‍ നായകന്‍ പറഞ്ഞത്.
സൗത്ത് ആഫ്രിക്കക്കെതിരായ ചരിത്ര വിജയത്തിന് പിന്നാലെ ശുഭാംകര്‍ മിശ്രക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിരാടിനെ പുകഴ്ത്തി സംസാരിച്ചത്.
ഏതെങ്കിലും ഇന്ത്യന്‍ താരം അഫ്ഗാനിസ്ഥാന് വേണ്ടി കളിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് വിരാട് കോഹ്‌ലിയായിരിക്കുമെന്നും ഷാഹിദി പറഞ്ഞിരുന്നു.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നതെന്നും വിരാട് സ്വന്തമാക്കിയ റെക്കോഡുകളാണ് അദ്ദഹത്തിനായി സംസാരിക്കുന്നതെന്നും ഷാഹിദി പറഞ്ഞു.
‘നിരവധി മികച്ച താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. പക്ഷേ ഞാന്‍ വിരാട് കോഹ്‌ലിയുടെ പേര് പറയും. എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏകദിനത്തില്‍ അദ്ദേഹം 50 സെഞ്ച്വറികള്‍ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു, അത് വളരെ വലിയ ഒരു നേട്ടമാണ്.
ഇത് പറയാന്‍ എളുപ്പമാണ് പക്ഷേ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമെല്ലാം നേടുന്നത് ഒരിക്കലും എളുപ്പമല്ല. അദ്ദേഹത്തിന്റെ കണക്കുകളാണ് അദ്ദേഹത്തിനായി സംസാരിക്കുന്നത്,’ ഷാഹിദി പറഞ്ഞു.
വിരാട് കോഹ്‌ലിയുടെ കവര്‍ ഡ്രൈവിനെ പുകഴ്ത്തി സംസാരിക്കുന്ന ആദ്യ അഫ്ഗാന്‍ താരമല്ല ഷാഹിദി. നേരത്തെ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റഹ്‌മാനുള്ള ഗുര്‍ബാസും താരത്തിന്റെ മാസ്റ്റര്‍ ഷോട്ടിനെ പുകഴ്ത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുര്‍ബാസ് ഏറ്റവും മികച്ച കവര്‍ ഡ്രൈവായി വിരാട് കോഹ്‌ലിയുടെ ഷോട്ട് തെരഞ്ഞെടുത്തത്. അഭിമുഖത്തിലെ ക്യു. ആന്‍ഡ് എ സെഷനിടെ ബാബര്‍ അസമിന്റെ കവര്‍ ഡ്രൈവാണോ വിരാട് കോഹ്‌ലിയുടെ കവര്‍ ഡ്രൈവാണോ മികച്ചത് എന്ന ചോദ്യത്തിന് ഗുര്‍ബാസ് വിരാടിനെ തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പരമ്പര വിജയമാണ് സൗത്ത് ആഫ്രിക്കക്കെതിരെ അറ്റ്‌ലസ് ലയണ്‍സ് സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ടീം വിജയിച്ചത്.
പരമ്പരയിലെ ആദ്യ മത്സരം ആറ് വിക്കറ്റിന് ജയിച്ച അഫ്ഗാന്‍ രണ്ടാം മത്സരത്തില്‍ 177 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. റഹ്‌മാനുള്ള ഗുര്‍ബാസിന്റെ സെഞ്ച്വറിയും അസ്മത്തുള്ള ഒമര്‍സായ്, റഹ്‌മത് ഷാ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് അഫ്ഗാന് മിന്നും വിജയം സമ്മാനിച്ചത്.
എല്ലാ മത്സരങ്ങളും വിജയിച്ച് പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഈ വിജയം മുന്നോട്ടുള്ള കുതിപ്പിന് നല്‍കുന്ന ആവേശം ചില്ലറയല്ല.